
ചെന്നൈ: അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ സിനിമയിൽ പകർപ്പവകാശം ലംഘിച്ച് തന്‍റെ സിനിമയിലെ ക്ലാസിക് ഗാനങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രശസ്ത സംവിധായകൻ കസ്തൂരി രാജ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നു. നടൻ ധനുഷിന്റെ പിതാവാണ് പ്രശസ്ത സംവിധായകനായ കസ്തൂരി രാജ.
ബോക്സോഫീസില്‍ വിജയിച്ച 'ഗുഡ് ബാഡ് അഗ്ലി' അതിന്‍റെ ആക്ഷന്‍ തിരക്കഥയ്ക്കൊപ്പം പഴയ പാട്ടുകളുടെ ഉപയോഗത്തിന്‍റെ പേരിലും ഏറെ ശ്രദ്ധ നേടിയിരുന്നു. തീയറ്റര്‍ റണ്ണിന് ശേഷം തമിഴ് ആക്ഷൻ-ത്രില്ലർ ചിത്രം അടുത്തിടെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും വിവാദമായി മാറിയിരിക്കുന്നത്.
സേലത്ത് തന്റെ അടുത്തിടെ ഒരു പ്രമോഷണൽ പരിപാടിയിൽ, കസ്തൂരി രാജ ചില യുവ ചലച്ചിത്ര സംവിധായകരില്‍ കാണപ്പെടുന്ന ഒരു പുതിയ പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. യഥാർത്ഥ സംഗീതസംവിധായകർക്ക് ക്രെഡിറ്റ് നൽകാതെയോ പ്രതിഫലം നൽകാതെയോ നൊസ്റ്റാൾജിയ ട്രാക്കുകൾ അവര്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നു എന്നാണ് കസ്തൂരി രാജ പറഞ്ഞത്.
“ഇളയരാജ, ദേവ തുടങ്ങിയ ഇതിഹാസങ്ങള്‍ കാലാതീതമായ സംഗീതമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇന്നത്തെ മേയ്ക്കേര്‍സ് ഭൂതകാലത്തെ വളരെയധികം ആശ്രയിക്കുന്നു. നൊസ്റ്റാൾജിയയ്ക്കായി ക്ലാസിക് ട്രാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റൊന്നുമില്ല, പക്ഷേ അവർ ആദ്യം അനുമതി ചോദിക്കണം. നിർഭാഗ്യവശാൽ, ഇന്ന് നമ്മൾ ഈ അടിസ്ഥാന മര്യാദ പോലും കാണിക്കുന്നില്ല ” കസ്തൂരി രാജ കൂട്ടിച്ചേർത്തു.
ഏപ്രിലിൽ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കൾക്ക് "ഇളമൈ ഇദോ ഇദോ", 'എൻ ജോഡി മഞ്ച കുരുവി', 'ഒത്ത രൂപ' തുടങ്ങിയ ക്ലാസിക് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നോട്ടീസ് അയച്ചിരുന്നു. ഈ ഗാനങ്ങൾ ശരിയായ അനുമതിയില്ലാതെ പരിഷ്കരിച്ച് വാണിജ്യവൽക്കരിച്ചതായി നോട്ടീസിൽ പറയുന്നു. 5 കോടി നഷ്ടപരിഹാരമാണ് ഇളയരാജ ആവശ്യപ്പെട്ടത്.
ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് നേരത്തെ രംഗത്ത് എത്തിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഗാനം ഉപയോഗിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. “ഞങ്ങൾക്ക് മ്യൂസിക് ലേബലുകളിൽ നിന്ന് എൻഒസി സർട്ടിഫിക്കറ്റുകളും അവകാശങ്ങളും ആവശ്യാനുസരണം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചത്,” മൈത്രി മൂവി മേക്കേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം നിർമ്മാതാവിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ കസ്തൂരി രാജ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയും ഈ വിഷയത്തിൽ ഇളയരാജയുടെ നിലപാടിനെ ശക്തമായി അനുകൂലിക്കുകയും ചെയ്തു. കച്ചവടം പരിഗണിക്കാതെ യഥാർത്ഥ സ്രഷ്ടാക്കളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ