
ബെംഗളൂരു: തഗ് ലൈഫ് സിനിമയ്‌ക്കെതിരെ കർണാടകയിൽ ബഹിഷ്‌കരണത്തിന് ആഹ്വാനം. കന്നഡ രക്ഷാ വേദികെ എന്ന ഭാഷാ സംഘടനാ പ്രവർത്തകരാണ് സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തത്. ജൂൺ 5-നാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നത്. തമിഴിൽ നിന്നാണ് കന്നഡ ഉദ്ഭവിച്ചത് എന്ന കമൽ ഹാസന്‍റെ പ്രസ്താവനയിൽ വിവാദം ശക്തമായിരുന്നു. കർണാടക ബിജെപി കമൽഹാസനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
തമിഴ്‌നാട്ടിൽ നിന്ന് കമൽ ഹാസൻ രാജ്യസഭയിലേക്ക് എത്തുന്നുവെന്ന് ഉറപ്പായതിന് പിന്നാലെയാണ് കർണാടകയിൽ സിനിമക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ശക്തമാകുന്നത്. മക്കൾ നീതി മയ്യം എന്ന സ്വന്തം രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷൻ കൂടിയാണ് കമൽ ഹാസൻ. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പാനിരിക്കെ കമൽഹാസൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും.
തമിഴിൽ നിന്ന് ഉരുവം കൊണ്ട ഭാഷയാണ് കന്നഡയെന്ന് തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ കമൽ പറഞ്ഞിരുന്നു. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് കർണാടക ബിജെപി പ്രസിഡന്‍റ് ബി വിജയേന്ദ്ര പറഞ്ഞു. സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തരുതെന്നും ബി വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്‍റെ പരാമർശം.