
കൊച്ചി : സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം വ്യാപക ചർച്ചയാകുമ്പോൾ പ്രതികരണങ്ങളുമായി യുവതാരങ്ങൾ. സെറ്റുകളിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് യുവ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ ബജറ്റിൽ സിനിമകളൊരുങ്ങുന്ന മലയാളത്തിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. മറ്റ് മാർഗമില്ലാതാകുമ്പോഴാണ് നിർമ്മാതാക്കൾ പരാതിയുമായി എത്തുന്നത്. ശ്രീനാഥ് ഭാസിയും ഷെയ്നും അതുൾക്കൊണ്ട് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
അതേസമയം ജോലി വിലക്കിയുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് യുവതാരം ലുക്മാന്റെ പ്രതികരണം. ഒരുമിച്ച് പല സെറ്റുകളിലും ജോലി ചെയ്തിട്ടുള്ള ശ്രീനാഥ് ഭാസിയിൽ നിന്നും ആരോപിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റം താൻ കണ്ടിട്ടില്ല. എന്ത് കാരണം പറഞ്ഞാലും തൊഴിലിൽ നിന്നും വിലക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ലുക്മാൻ വിശദീകരിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു മേഖലയെ മുഴുവനായി അധിക്ഷേപിക്കരുതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും പറഞ്ഞു.
പൊതുവിഷയത്തിൽ കരുതി മാത്രം നിലപാടെടുക്കുന്ന സിനിമ മേഖലയിൽ നിന്നും നിർമ്മാതാക്കളുടെ പ്രസ്താവനെ തുടർന്ന് കാര്യമായ പ്രതികരണങ്ങൾ ഇത് വരെയും ഉണ്ടായിട്ടില്ല. അഭിനേതാക്കളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിഷയത്തിൽ നിശബ്ദമാണ്. എന്നാൽ ശ്രീനാഥ് ഭാസിക്കും,ഷെയ്ൻ നിഗത്തിനുമെതിരായ നിർമ്മാതാക്കളുടെ പരസ്യ നിലപാടും സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗമെന്ന വെളിപ്പെടുത്തലും സിനിമക്കുള്ളിലെ ചർച്ചകളിൽ സജീവമായി തുടരുകയാണ്. കൊവിഡിന് ശേഷം മികവിലേക്ക് ഉയരുമ്പോഴും മലയാള സിനിമയ്ക്ക് തിയറ്ററിൽ ആളെ കൂട്ടാൻ ആകുന്നില്ലെന്ന പരാതിക്കിടെയാണ് പുതിയ വിവാദങ്ങൾ. സിനിമ അന്തരീക്ഷത്തെ തളർത്തുന്ന എന്തിനെയും അംഗീകരിക്കുനില്ലെങ്കിലും പൂച്ചക്ക് മണി കെട്ടാനൊരുങ്ങുന്ന നിർമ്മാതാക്കളുടെ നീക്കത്തെ തെല്ലൊരു സംശയത്തോടെ തന്നെയാണ് മറുപക്ഷവും കാണുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ