Latest Videos

Dileep Raid : ദിലീപുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും ഒരേസമയം മിന്നൽ റെയ്ഡ്, നിർണായക നീക്കം

By Web TeamFirst Published Jan 13, 2022, 2:10 PM IST
Highlights

അന്വേഷണഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്‍റെ കമ്പനിയിൽ പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ജീവനക്കാർ വന്ന് സ്ഥാപനം തുറന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്‍റെ സിനിമാ നിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും സഹോദരൻ അനൂപിന്‍റെ വീട്ടിലും പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയിൽ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം. 

സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകൾ തേടി ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആലുവയിലെ ദിലീപിന്‍റെ 'പത്മസരോവരം' എന്ന വീട്ടിൽ പരിശോധന നടത്തുന്നത്. 

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 

ഇത് പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ്ഐആറെന്നുമാണ് കോടതിയിൽ ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചത്.

ദിലീപും അനൂപും ചേർന്ന് നടത്തുന്ന സിനിമാ നിർമാണ കമ്പനിയാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ്. അന്വേഷണഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്‍റെ കമ്പനിയിൽ പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് രണ്ടേകാലോടെ ജീവനക്കാർ വന്ന് സ്ഥാപനം തുറന്നു. ഇന്നലെ വരെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാലിന്ന് ജീവനക്കാരാരും വന്നിട്ടില്ലെന്ന് തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവർ പറഞ്ഞു. അരമണിക്കൂറോളമായി ജീവനക്കാരെ കാത്തിരിക്കുകയാണ് പൊലീസ്. ഇനി ജീവനക്കാരാരും വന്നില്ലെങ്കിൽ പൂട്ട് പൊളിച്ച് അകത്തുകയറാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇതോടൊപ്പം ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയാണ്. സംവിധായകനായ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ ദിലീപിന്‍റെ അനുജൻ അനൂപിന്‍റെ പേരും പരാമർശിക്കുന്നുണ്ട്. രണ്ട് ക്രൈംബ്രാഞ്ച് സിഐമാരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്. ആലുവ പറവൂർ കവലയിലാണ് 'പത്മസരോവരം' എന്ന അനൂപിന്‍റെ വീട്. 

ഇന്നലെ നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്നും, കേസുമായി ബന്ധപ്പെട്ട് താൻ പരാമർശിച്ച വിഐപിയിലേക്ക് പോലീസ് ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതിനിടെ പ്രതി പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ജയിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. 

ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്  രേഖപ്പെടുത്തിയത്.  6 മണിക്കൂറോളം നടപടിക്രമങ്ങൾ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നു, പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാർ മുൻപ് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങൾ താൻ കൂടി ഇരിക്കവേ 'പത്മസരോവരം' എന്ന വീട്ടിൽ നിന്ന് ദിലീപും അനൂപും അടക്കമുള്ളവർ കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. അതോടൊപ്പം അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടപ്പോൾ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തന്‍റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്‍റെ കൈ വെട്ടുമെന്നും എ വി ജോർജിനെ ലോറിയിടിപ്പിച്ച് കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകൾ അന്വേഷണസംഘത്തിന് മുമ്പാകെ ഹാ‍ജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ അടക്കം ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിന്‍റെ തെളിവുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്‍റെ ശബ്ദരേഖയുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലാണ് ദിലീപിപ്പോൾ. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തെ ബാധിക്കുന്ന ഒന്നും ചെയ്യരുത് എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നൽകിയത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്തെങ്കിലും തെളിവ് കോടതിയിൽ ഹാജരാക്കിയാൽ ദിലീപിന്‍റെ ജാമ്യം റദ്ദാകും, ജയിലിൽ പോകേണ്ടി വരും. 

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലിൽ നിന്നെഴുതിയ കത്തിന്‍റെ പകർപ്പ് സുനിലിന്‍റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ അസ്സൽ കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.

click me!