അന്തരിച്ച നടൻ ശ്രീനിവാസനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മണികണ്ഠൻ ആചാരി. കോവിഡ് കാലത്ത് നടന്ന തൻ്റെ വിവാഹത്തിന് ശ്രീനിവാസൻ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നടന്‍.

കേരളക്കരയേയും മലയാള സിനിമാ ലോകത്തെയും കണ്ണീരിലാഴ്ത്തിയായിരുന്നു പ്രിയപ്പെട്ട ശ്രീനിവാസൻ യാത്രയായത്. ഒട്ടേറെ കഥാപാത്രങ്ങളും സിനിമകളുമെല്ലാം സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. ഓരോ ദിവസം കഴിയുന്തോറും ശ്രീനിവസാന്റെ ഓർമകൾ പങ്കിട്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഓരോന്നും മനസിനെ തൊടുന്ന വരികളുമാണ്. ഇപ്പോഴിതാ ശ്രീനിവാസൻ തന്നെ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ മണികണ്ഠൻ ആചാരി. വിവാഹ സമയത്താണ് തന്നെ സഹായിച്ചതെന്നും ആരോടും പറയരുതെന്ന് പറഞ്ഞിരുന്നുവെന്നും മണികണ്ഠൻ പറയുന്നു.

"ശ്രീനി സാറിനൊപ്പം ഞാൻ അഭിനയിച്ചില്ല. പക്ഷേ എന്റ വ്യക്തിപരമായൊരു ആവശ്യത്തിന് അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്റെ കല്യാണ സമയത്തായിരുന്നു അത്. അദ്ദേഹത്തെ കൊണ്ട് ആകുന്നത് പോലെ പണം തന്ന് എന്നെ സഹായിച്ചു. കൊവിഡ് സമയത്തായിരുന്നു വിവാഹം. ആർഭാ​ഗം ഒഴിവാക്കി ആ തുക സർക്കാരിന് കൈമാറാനും നിർദ്ദേശിച്ചത് അദ്ദേഹമാണ്. ഇതൊന്നും വേറാരോടും പറയരുതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടുകാരെന്ന നിലയിലും കൃഷിയുമായിട്ടൊക്കെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ വിളിക്കും. അതിനൊക്കെ പോകും. സിനിമക്കാരൻ, നടൻ,എഴുത്തുകാരന്‍, സംവിധായകൻ എന്നതിന് അപ്പുറത്തേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹം", എന്ന് മണികണ്ഠൻ ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞു.

"എന്നെ പോലുള്ള അല്ലെങ്കിൽ ഇനി സിനിമയിലേക്ക് വരാൻ പോകുന്ന ഒരുകൂട്ടം തലമുറയ്ക്ക് പ്രചോദനം നൽകിയ ആളാണ് അദ്ദേഹം. നടന് വേണ്ട ക്വാളിഫിക്കേഷൻ എന്താണ് എന്ന് ചോ​ദിച്ചാൽ അത് അഭിനയം തന്നെയാണ് അല്ലെങ്കിൽ അത് കാണിച്ചുതന്ന ഒരുപാട് നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ ചേട്ടൻ. സിനിമ എന്നാൽ സൗന്ദര്യം ആണെന്നത് പൊളിച്ചെഴുതിയവരാണ്. നടന്റെ സൗന്ദര്യം നടനത്തിലാണ്. ശരീരത്തിലല്ലെന്ന് കാണിച്ചു തന്നത് അദ്ദേഹമാണ്. മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചത്. അത് വെറും വാക്കുകളല്ല. അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അവസാനിക്കുന്നത് ചിരിയിലാണ്. ഇനി മുതൽ ഒരു വിഷമമായിരിക്കും", എന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്