Latest Videos

Dileep Raid : ദിലീപിന്‍റെ വീട്ടിൽ തോക്ക് തേടി പൊലീസ്, നടിയെ ആക്രമിച്ച ദൃശ്യങ്ങളും തിരയുന്നു

By Web TeamFirst Published Jan 13, 2022, 3:51 PM IST
Highlights

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ സൈബർ വിദഗ്ധരുടെ സംഘത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു. 

വളരെ നിർണായകമായ തെളിവുകൾ തേടിയാണ് അന്വേഷണഉദ്യോഗസ്ഥർ ദിലീപിന്‍റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. എന്നാൽ എന്തെല്ലാം തെളിവുകൾ ലഭിക്കും എന്ന കാര്യം കാത്തിരുന്ന് കാണണം. 

റെയ്ഡ് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ, ദിലീപിന്‍റെ അഭിഭാഷകർ ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിലെത്തിയിട്ടുണ്ട്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്‍റെ വീട്ടിൽ  പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. വീട്ടിൽ ദിലീപുണ്ടെന്നും, സംസാരിച്ചുവെന്നും വിശദമായ പരിശോധന തുടരുകയാണെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹം പറഞ്ഞതുമില്ല. 

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 

രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും 'പത്മസരോവര'ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടിനകത്തുള്ള ആളുകൾ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് ദിലീപിന്‍റെ വീട് തുറന്നുകൊടുത്തു. 

അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി. 

നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ഫോണിലെ മെമ്മറി കാർഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്‍റെ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഈ ദൃശ്യങ്ങൾ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബർ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്. ഇവിടെയുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ഈ ദൃശ്യങ്ങൾ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തിൽ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവിടുത്തെ കമ്പ്യൂട്ടറുകളിലെ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിൽ എടുത്തേക്കും. ദൃശ്യങ്ങൾ കിട്ടാനായി വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുക്കാനാണ് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ സൈബർ വിദഗ്ധരുടെ പ്രത്യേകസംഘം തന്നെ ഈ കേസിൽ സഹായിക്കുന്നുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്നും, കേസുമായി ബന്ധപ്പെട്ട് താൻ പരാമർശിച്ച വിഐപിയിലേക്ക് പോലീസ് ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതിനിടെ പ്രതി പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ജയിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. 

ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രേഖപ്പെടുത്തിയത്.  6 മണിക്കൂറോളം നടപടിക്രമങ്ങൾ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നു, പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാർ മുൻപ് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങൾ താൻ കൂടി ഇരിക്കവേ 'പത്മസരോവരം' എന്ന വീട്ടിൽ നിന്ന് ദിലീപും അനൂപും അടക്കമുള്ളവർ കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. അതോടൊപ്പം അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടപ്പോൾ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തന്‍റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്‍റെ കൈ വെട്ടുമെന്നും എ വി ജോർജിനെ ലോറിയിടിപ്പിച്ച് കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകൾ അന്വേഷണസംഘത്തിന് മുമ്പാകെ ഹാ‍ജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ അടക്കം ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിന്‍റെ തെളിവുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്‍റെ ശബ്ദരേഖയുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലാണ് ദിലീപിപ്പോൾ. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തെ ബാധിക്കുന്ന ഒന്നും ചെയ്യരുത് എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നൽകിയത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്തെങ്കിലും തെളിവ് കോടതിയിൽ ഹാജരാക്കിയാൽ ദിലീപിന്‍റെ ജാമ്യം റദ്ദാകും, ജയിലിൽ പോകേണ്ടി വരും. 

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലിൽ നിന്നെഴുതിയ കത്തിന്‍റെ പകർപ്പ് സുനിലിന്‍റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ അസ്സൽ കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.

click me!