പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ജനുവരി 26ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നടനും അഭിഭാഷകനുമായ ഷുക്കൂർ ആശുപത്രിയിൽ ചികിത്സയിൽ. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ജനുവരി 26ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാസർഗോഡിലെ ആസ്റ്റർ മിംസിലാണ് ഷൂക്കൂർ ഇപ്പോൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽവഫ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വേഗം ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും മുനീർ പറയുന്നു.
മുനീർ അൽവഫയുടെ വാക്കുകള്‍ ഇങ്ങനെ
എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ്ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാമെന്നും അങ്ങനെ ആർക്കെങ്കിലും മനസ്സിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ന്ന താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ആളാണ് ഷുക്കൂര്‍. അഡ്വ. ഷുക്കൂര്‍ എന്ന യഥാര്‍ത്ഥ വേഷത്തില്‍ തന്നെയായിരുന്നു അദ്ദേഹം ചിത്രത്തിലും എത്തിയത്. പിന്നീട് കോടതി പശ്ചാത്തലമായതും അല്ലാത്തതുമായി സിനിമകളില്‍ ഷുക്കൂറിന് കഥാപാത്രങ്ങള്‍ ലഭിച്ചു. കാഞ്ഞങ്ങാട് ഹൊസ് ദുർഗ് ബാറിലെ അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം.



