
തിരുവനന്തപുരം : സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയതെന്ന് രാമസിംഹന്‍ അറിയിച്ചു. താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്.
കുറച്ചുകാലമായി ബിജെപി സംസ്ഥാന നേതൃത്വത്തോട് അകന്നു നിൽക്കുകയായിരുന്നു രാമസിംഹനും. നേരത്തെ ബിജെപി സംസ്ഥാന സമിതി അംഗത്വമുൾപ്പെടെ എല്ലാ ഭാരവാഹിത്വവും രാമസിംഹൻ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവും. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘവും ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്നും ബിജെപിക്ക് പിന്തുണയറിയിച്ച ഒരാൾ കൂടി രാജി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
READ MORE സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്, പ്രഖ്യാപനം ഇന്ന്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ....എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിന്റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം
ഹരി ഓം..
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം