
ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയ റോന്ത് എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. നന്നായി നിർമിച്ച, കൗതുകമുണർത്തുന്ന സിനിമയാണ് റോന്തെന്ന് ജീത്തു പറയുന്നു. തീയറ്റിൽ തന്നെ കാണേണ്ട സിനിമയാണ് റോന്തെന്നും അദ്ദേഹം പറഞ്ഞു.
"റോന്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ! നന്നായി നിർമ്മിച്ചതും വളരെ കൗതുകമുണർത്തുന്നതുമായ ഒരു സിനിമ. ദിലീഷിൻ്റെയും റോഷൻ്റെയും അതി ഗംഭീര പ്രകടനം. ഷാഹി കബീർ വീണ്ടും തെളിയിച്ചു. തീയേറ്ററിൽ തീർച്ചയായും കാണേണ്ട ചിത്രം", എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രശംസ. പിന്നാലെ നിരവധി പേരാണ് റോന്തിനെ പ്രശംസിച്ച് കമന്‍റുകള്‍ ചെയ്തത്.
ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. റോന്ത് അദ്ദേഹത്തിന്റെ രണ്ടാം സംവിധാന സിനിമയാണ്. ഇലവീഴാ പൂഞ്ചിറയാണ് ആദ്യ ചിത്രം. ഷാഹി തന്നെയാണ് റോന്തിന്റെ രചന നിർവഹിച്ചതും. രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. എസ്ഐ യോഹന്നാൻ, ദിനനാഥ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ. ഇതെഥാക്രമം ദിലീഷും റോഷനും അവതരിപ്പിച്ചിരിക്കുന്നു.
സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനേഷ് മാധവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.