'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്'; മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

By Web TeamFirst Published Dec 13, 2019, 9:32 AM IST
Highlights

സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യും. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്‌സ്ബുക്കില്‍ അഭിന്ദനമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ്.  

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യും. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും പിണറായി വിജയന്‍  വ്യക്തമാക്കിയിരുന്നു. 

ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. 

click me!