'സിനിമ മോശമെങ്കിൽ എന്‍റെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാം, ഈ സിനിമയിലെ പ്രഭാസിനെ വർഷങ്ങളോളം പ്രേക്ഷകർ ഓർ‍ക്കും'; വികാരാധീനനായി സംവിധായകൻ മാരുതി

Published : Dec 30, 2025, 09:15 PM IST
The Raja Saab

Synopsis

പ്രീ-റിലീസ് ചടങ്ങിൽ വികാരാധീനനായി സംസാരിച്ച അദ്ദേഹം, പ്രഭാസിന്റെ പിന്തുണയ്ക്കും പ്രകടനത്തിനും നന്ദി പറഞ്ഞു. പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. സിനിമ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ഹൊറർ-ഫാന്‍റസി ചിത്രം 'ദി രാജാ സാബ്' റിലീസിനൊരുങ്ങവെ, സിനിമയെക്കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസം വെളിപ്പെടുത്തി സംവിധായകൻ മാരുതി. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് മാരുതി വികാരാധീനനായി ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

"ഇന്ന് ഞാൻ ഈ സ്റ്റേജിൽ നിൽക്കാൻ കാരണം നിങ്ങൾ എനിക്ക് നൽകിയ പിന്തുണയാണ്. 'ദി രാജാ സാബിന്' പിന്നിൽ ഉറച്ചുനിന്നത് രണ്ട് വ്യക്തികളാണ്: പ്രഭാസ് ഗാരുവും വിശ്വപ്രസാദ് ഗാരുവും. വിശ്വപ്രസാദ് ഗാരുവും പീപ്പിൾ മീഡിയ ടീം മുഴുവനും ഈ സിനിമയ്ക്കായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുകയാണ്. പ്രഭാസ് ഗാരു 'ആദിപുരുഷിൽ' രാമനായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ 'രാജാ സാബിന്‍റെ' കഥയുമായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടപ്പോൾ പ്രഭാസ് ഗാരു ഒരുപാട് ചിരിച്ചു. യഥാർത്ഥത്തിൽ അദ്ദേഹത്തിന് ഈ സിനിമ ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു.

'ബാഹുബലിക്ക്' ശേഷം പ്രഭാസ് ഗാരുവിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു. ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഒരു ചെറിയ പട്ടണത്തിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും അവിടുത്തെ പ്രാദേശികവാസികൾ പ്രഭാസ് ഗാരുവിനെ തിരിച്ചറിഞ്ഞു, അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. രാജമൗലി ഗാരു നടത്തിയ പാൻ-ഇന്ത്യൻ പരിശ്രമത്തിന്‍റെ ഗുണം ഇന്ന് നമുക്കെല്ലാവർക്കും ലഭിക്കുന്നുണ്ട്. സുകുമാർ, സന്ദീപ് വംഗ, അതുപോലെ ഞാനും ഇപ്പോൾ പാൻ-ഇന്ത്യൻ സിനിമകൾ ചെയ്യുന്നു. നമ്മുടെ പല താരങ്ങളും പാൻ-ഇന്ത്യൻ പദവിയിലേക്ക് ഉയർന്നു.

പ്രഭാസ് ഗാരുവോടൊപ്പം ഞങ്ങൾ വെറുമൊരു സിനിമയല്ല നിർമ്മിച്ചത്, മറിച്ച് വളരെ വലിയ ക്യാൻവാസിലുള്ള ഒരു ചിത്രമാണ് ഒരുക്കിയത്. ഈ ജോണറിന് വലിയ സാധ്യതകളുണ്ട്, ഞങ്ങൾ അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്. ഒരുപാട് പേർ 'രാജാ സാബിന്' വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാൻ ഇതുവരെ 11 സിനിമകൾ ചെയ്തു, പക്ഷേ പ്രഭാസ് ഗാരു എനിക്ക് 'റിബൽ യൂണിവേഴ്സിറ്റിയിൽ' ഒരവസരം നൽകി, ഞാൻ ഇനിയും വലിയ റേഞ്ചുള്ള ഒരു സംവിധായകനാകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഭാസ് ഗാരു ഇതിനായി നൽകിയ പരിശ്രമവും അദ്ദേഹത്തിന്‍റെ പങ്കാളിത്തവും പിന്തുണയും വാക്കുകൾക്ക് അതീതമാണ്. ഈ സംക്രാന്തിക്ക് ഒരുപാട് സിനിമകൾ വരുന്നുണ്ടെങ്കിലും, വിശ്വപ്രസാദ് ഗാരു വളരെ ധൈര്യത്തോടെ 'രാജാ സാബ്' എത്തിക്കുന്നു. എല്ലാ ഭാഷകളിലും 'രാജാ സാബ്' നേടാൻ പോകുന്ന വിജയം അസാധാരണമായിരിക്കും.

ഞാൻ എന്‍റെ സിനിമകൾ കാണുന്നത് ഒരു സാധാരണ പ്രേക്ഷകനെപ്പോലെയാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ കൂടി ചേർത്ത ശേഷം രംഗങ്ങൾ കണ്ടപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞുപോയി. പ്രഭാസ് ഗാരുവിന്‍റെ പ്രകടനം കണ്ട് ഞാൻ വികാരാധീനനായി. ഞാൻ അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. സാധാരണ ഞാൻ കരയാറില്ല, പക്ഷേ പ്രഭാസ് ഗാരു എനിക്ക് നൽകിയ സ്നേഹവും പിന്തുണയും കാരണം അദ്ദേഹത്തിന്‍റെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഇമോഷണലാവുകയാണ്. ഈ സിനിമയിലെ ഒരു സീൻ പോലും നിങ്ങളെ നിരാശപ്പെടുത്തുകയാണെങ്കിൽ, ഞാൻ എന്‍റെ വീടിന്‍റെ അഡ്രസ്സ് തരാം - നിങ്ങൾക്ക് അവിടെ വന്ന് എന്നെ ചോദ്യം ചെയ്യാം", വികാരധീനനായി മാരുതി പറഞ്ഞു.

 

 

ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ആ ഒറ്റ തീരുമാനം, അല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ വിട്ടേനെ'; നിവിന്‍ പോളി പറയുന്നു
'പഠനകാലത്ത് അവർ നൽകിയ സ്നേഹവും കരുതലും മറക്കാനാകില്ല'; കുറിപ്പുമായി ബി. ഉണ്ണികൃഷ്ണൻ