
കൊച്ചി: മാനേജര്‍ വിപിന്‍ കുമാറിന്‍റെ പരാതിയ്ക്ക് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ. ഉണ്ണി മുകുന്ദനെന്ന നടനെക്കാൾ തനിക്കിഷ്ടം അയാളിലെ വ്യക്തിയെ ആണെന്നും വന്ന വഴി മറക്കാത്ത നന്ദിയുള്ള മനുഷ്യനാണ് നടനെന്നും ഒമർ പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദൻ വിജയിക്കുമെന്നും ഒമർ പറയുന്നു.
"എനിക്ക് ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം. ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും "കോൻ ഏ തൂ" എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ..അയാൾ വിജയിച്ചിരിക്കും", എന്നാണ് ഒമർ കുറിച്ചത്.
അതേസമയം, വിപിന്‍ കുമാറിന്‍റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിട്ടുണ്ട്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുക ആയിരുന്നു. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും വിപിന്‍ കുമാര്‍ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..