
തമിഴകത്തെ ഹിറ്റ് യുവ സംവിധായകരില്‍ ഒരാളായ പി എസ് മിത്രൻ വിവാഹിതനായി. ആശാമീര അയ്യപ്പൻ ആണ് വധു. ഫിലിം ജേര്‍ണലിസ്റ്റാണ് ആശാമീര അയ്യപ്പൻ. നടൻ കാര്‍ത്തിയടക്കമുള്ള പ്രമുഖര്‍ മിത്രന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തി.
'ഇരുമ്പു തിറൈ' എന്ന ചിത്രത്തിലൂടെയാണ് പി എസ് മിത്രൻ ആദ്യമായി സംവിധായകനായത്. 'ഹീറോ' എന്ന ചിത്രവും സംവിധാനം ചെയ്‍ത പി എസ് മിത്രൻ 'ട്രിഗ്ഗറി'നായി തിരക്കഥയും എഴുതി. 'സര്‍ദാര്‍' എന്ന ചിത്രമാണ് പി എസ് മിത്രന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാര്‍ത്തി നായകനായ 'സര്‍ദാര്‍' എന്ന ചിത്രം വിജയമായിരുന്നു.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. സ്‍പൈ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. റാഷി ഖന്ന, രജിഷ വിജയൻ, ചങ്കി പാണ്ഡേ, ലൈല, മുനിഷ്‍കാന്ത്, യുഗി സേതു, അവിനാശ്, ദിനേഷ് പ്രഭാകര്‍ തുടങ്ങി ഒട്ടേറെ താരങ്ങളും സര്‍ദാറില്‍ വേഷമിട്ടു. 'സര്‍ദാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തിയ കാര്‍ത്തി മകനായും വേഷമിട്ടു.
ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളും വൻ വിജയമായി. വൻ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് 'സര്‍ദാറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.
Read More: ചിരി നിറവില്‍ അജിത്ത്, സന്തോഷത്തിന്റെ കാരണം എന്തെന്ന് തിരക്കി ആരാധകര്‍