
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ എം എ നിഷാദ്. പുനലൂരിലെ സ്കൂളിൽ ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപകന്റ്റെ ജാതി എനിക്കറിയില്ല. കൂടെ പഠിച്ച കൂട്ടുകാരുടെ ജാതിയും മതവും ഞാൻ പഠിച്ചില്ല. ഹൈന്ദവനും, മുസ്‍ലിമും, ക്രിസ്ത്യാനിയും ഒന്നിച്ച് നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്ത്വ ശക്തികൾക്കെതിരെ പടപൊരുതിയ നാട്ടിലാണ് ഇപ്പോള്‍ ഒരു വിഭാഗത്തിനെ മതത്തിന്‍റെ പേരിൽ അന്യവൽകരിക്കാനും, അപരവൽകരിക്കാനുമുളള കുത്സിത ശ്രമം നടക്കുന്നത്. മതം ആയുധമാക്കുന്നവരാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നിലെന്നും എം എ നിഷാദ് രൂക്ഷമായി വിമര്‍ശിക്കുന്നു. ഈ നാട് എന്‍റേത് കൂടിയാണ്, എന്‍റെ പൗരത്വം ഇന്ത്യ എന്ന വികാരമാണെന്നും എം എ നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
എം എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഉറക്കം നല്ലതാണ്...അത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും..
അങ്ങനെ,ഒരുറക്കത്തിൽ,ഞാനൊരു സ്വപ്നം കണ്ടു...ആ സ്വപ്നത്തിൽ ഞാൻ കണ്ടത് എന്റ്റേത് എന്ന് ഞാനഹങ്കരിക്കുന്ന എന്‌റ്റെ രാജ്യത്തെ,നല്ലൊരു കാലത്തേ പറ്റിയാണ്...ഒരു സിനിമയുടെ മനോഹരമായ,ഫ്രെയിമുകളിൽ സുന്ദര മനോജ്ഞമായ എന്റ്റെ നാട്...
ഞാൻ കണ്ടു,സൂര്യനസ്തമിക്കാത്ത,ബ്രിട്ടീഷ് സാമ്രാജ്യത്ത്വ ശക്തികൾക്കെതിരെ,പടപൊരുതിയ ധീര ദേശാഭിമാനികളെ...ഹൈന്ദവനും,മുസ്ളീമും,ക്രിസ്ത്യാനിയും ഒന്നിച്ച് നിന്ന്,ഈ രാജ്യത്തിന്റ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രണാംഗണത്തിൽ പൊരുതുന്ന ഭാരതീയരെ...
അവസാന ശ്വാസത്തിലും,ചങ്കിലെ ചോര പൊടിയുമ്പോളും,കരളുറപ്പോടെ,അവർ വിളിച്ചു പറഞ്ഞു..ഞങ്ങൾ ഒന്നാണ്...
ഞാൻ കണ്ടു ഈ രാജ്യത്തെ ഒറ്റികൊടുത്തവരെ...മഹാത്മജിയുടെ നെഞ്ചിന് നേരെ നിറയൊഴിച്ച,ദേശദ്രോഹിയേ...ഞാൻ കേട്ടു മതേതര ഇൻഡ്യക്കെതിരെയുളള ആദ്യത്തെ വെടിയൊച്ച ...
എന്റ്റെ കണ്ണുകൾ നിറഞ്ഞു.....കാരണം ഞാനൊരു ഇന്ത്യൻ പൗരനാണ്...എന്റ്റെ രാജ്യം കരഞ്ഞു,കാരണം ഇന്ത്യ ഒന്നാണ്..നമ്മെളെല്ലാവരും ഒന്നാണ്...
പുനലൂരിലെ സ്കൂളിൽ ആദ്യാക്ഷരം പഠിപ്പിച്ച,അധ്യാപകന്റ്റെ,ജാതി എനിക്കറിയില്ല...കൂടെ പഠിച്ച,കൂട്ടുകാരുടെ,ജാതിയും,മതവും,ഞാൻ പഠിച്ചില്ല...തൂക്കുപാലത്തിലൂടെ,എന്റ്റെ ഉപ്പാപ്പയുടെ (പുനലൂരിലെ ആദ്യത്തെ മുൻസിപ്പൽ ചെയർമാനായിരുന്നു അദ്ദേഹം)കൈയ്യും പിടിച്ച് ഞാൻ നടക്കുന്ന കാഴ്ച്ചയായിരുന്നു,അടുത്ത സ്വപ്നം...ആ സ്വപ്നത്തിൽ,ഞാൻ കണ്ടു,അദ്ദേഹത്തിന്റ്റെ സുഹൃത്തുക്കളായ,കൃഷ്ണപിളള സാറിനെ,പി എൻ എസ്സിനെ,തോമസ്സ് വൈദ്യരെ,അങ്ങനെ ഒരുപാട് പേരെ,അവരുടെ ജാതി ഏതാണെന്ന് എനിക്കറിയില്ല...അവരുടെ മതം എന്താണെന്ന് എന്നെ,ആരും പറഞ്ഞ് പഠിപ്പിച്ചുമില്ല....ഭരണിക്കാവ് ക്ഷേത്രവും,നടയിലെ ആനയേയും ഞാൻ കണ്ടു,ആലഞ്ചേരി പളളിയും,സെന്തോമസ്സ് പളളിയും ഞാൻ കണ്ടു....
പിന്നെ ഞാൻ കണ്ടത്,താഴ്ത്തങ്ങാടി പളളിയും,തളീക്കോട്ട ക്ഷേത്രവും,ഇടക്കാട്ട് പളളിയും,അവിടത്തെ ഉത്സവങ്ങളും ....മീനച്ചിലാറ്റിൽ കൂട്ടൂകാരോടൊത്ത് നീന്തി കളിക്കുന്നതും,ഓണവും,പെരുന്നാളും,ക്രിസ്സ്മസ്സും ഞാൻ കണ്ടു...
ഓണ സദ്യയുടെ രുചിയും,പെരുന്നാളിന്റ്റെ രുചിയുളള ബിരിയാണിയും,ക്രിസ്ത്മസ്സ് രാവിലെ കരോളിൽ സാൻറ്റാ നൽകുന്ന സമ്മാനങ്ങളും,കൂട്ടുകാരോടൊപ്പം ആസ്വദിച്ചതും,ആഘോഷിച്ചതും ഞാൻ കണ്ടസ്വപ്നത്തിലെ വർണ്ണകാഴ്ചകളായിരുന്നു...
തായ്ലക്ഷമി തീയറ്ററിൽ ഞാൻ കണ്ട,പ്രേംനസീർ സിനിമ മുതൽ,ഇപ്പോൾ മൾട്ടിപ്ളസ്സിന്റ്റെ കാലത്തെ,ന്യൂജൻ പിളളേരുടെ,സിനിമകളും,മോഹൻ ലാലിന്റ്റേയും,മമ്മൂട്ടിയുടെ സിനിമകളും,കണ്ടാസ്വദിക്കുന്നതും...സ്വപ്നത്തിലെ സുന്ദര കാഴ്ച്ചകൾ തന്നെ....
പിന്നീടെപ്പോഴോ ഞാൻ ഞെട്ടിയുണർന്നു...
എന്റ്റെ മുറിയിലെ ടീ വി യിൽ ഞാൻ കണ്ടു ഭീമാകാരനായ ഒരു മനുഷ്യൻ വാതോരാതെ പ്രസംഗിക്കുന്നു...കണ്ണ് തുടച്ച്,ചെവിയോർത്തപ്പോൾ ,അയാൾ പറയുന്നു..അല്ല ആക്രോശിക്കുന്നൂ...മുസ്ളീംങ്ങൾ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ പൗരത്ത്വം തെളിയിക്കണമെന്ന്...അയാളുടെ പുറകിലിരിക്കുന്നവർ കൈയ്യടിക്കുന്നു....
സ്വപ്നമാണോ ? അല്ല സ്വപ്നമല്ല...ഒരു യാഥാർത്ഥ്യം ആണത് എന്ന് അവർ മനസ്സിലാക്കി കൊടുക്കുകയാണ്...
ഈ നാട്ടിലെ ഒരു വിഭാഗത്തിനെ മതത്തിന്റ്റെ പേരിൽ അന്യവൽകരിക്കാനും,അപരവൽകരിക്കാനുമുളള കുത്സിത ശ്രമം..മതം ആയുധമാക്കുന്നവർ...
ഈ നാട് എന്റ്റേത് കൂടിയാണ്...
എന്റ്റെ പൗരത്ത്വം ഇൻഡ്യ,എന്ന വികാരമാണ്...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ