
കൊച്ചി: ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം നല്ല സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 'തിങ്കളാഴ്ച നിശ്ചയം' എന്ന മലയാള ചിത്രത്തിനായിരുന്നു ഇത്തവണ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
"കോടികള്‍ മുടക്കി ഒരുക്കുന്ന വമ്പന്‍ സിനിമകളുടെ ഉച്ചയൂണിന് മുടക്കുന്ന കാശ് കൊണ്ട് വാല്യൂ ഉള്ള സിനിമ എടുക്കാമെന്ന് മലയാളി ഇന്ത്യയെ പഠിപ്പിച്ചില്ലേ. അഭിമാനം തോന്നുന്നൊരു കാര്യമാണത്. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയൊരു കാര്യമാണ്. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സച്ചി ഇല്ലാത്തതിൽ വിഷമമുണ്ട്. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അംഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം. സംഘട്ടന രംഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ അതേപറ്റി സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നു", എന്നും രഞ്ജിത് പറഞ്ഞു. പുരസ്കാര നിറവില്‍ സച്ചി ഇല്ലാത്തത് വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ഗായിക എന്നിങ്ങനെ നാല് അവാർഡുകളാണ് അയ്യപ്പനും കോശിയും നേടിയത്. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള അവാര്‍ഡിനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
Suresh Gopi : ഓർമ്മയുണ്ടോ ഈ മുഖം? കാണികളെ പ്രകമ്പനം കൊള്ളിച്ച് മാസായി സുരേഷ് ഗോപി
അതേസമയം, നടൻ മോഹൻലാലും മമ്മൂട്ടിയും പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. "എല്ലാ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും, പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗൺ, അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ എന്നിവർക്ക് ഈ അർഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കൂടാതെ, തന്റെ അവസാന സംവിധാന മികവിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ പ്രിയ സച്ചിയെ അഭിമാനത്തോടെ ഓർക്കുന്നു", എന്നാണ് മോഹൻലാൽ കുറിച്ചത്.
"68ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു. അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ഹെഗ്‌ഡെ, നാഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോർത്ത് അഭിമാനം. ഈ പ്രത്യേക നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നു", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.