അതേ ആശുപത്രിയിലെ രോഗിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തു, സച്ചിയുടെ കരുതല്‍- വീഡിയോ

By Web TeamFirst Published Jun 19, 2020, 1:30 PM IST
Highlights

സച്ചിയുടെ അതേ രോഗത്തിന് ചികിത്സയ്‍ക്ക് എത്തിയ ആളുടെ ചികിത്സാച്ചെലവ് ആയിരുന്നു ഏറ്റെടുത്തത്.

വിജയച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിട്ടായിരുന്നു സച്ചിയെ പ്രേക്ഷകര്‍  ആദ്യം അറിഞ്ഞത്. വിജയച്ചിത്രങ്ങളുടെ സംവിധായകനായും സച്ചി പ്രേക്ഷക മനസ്സില്‍ ഇടംനേടി. ഒരു ഞെട്ടലോടെയായിരുന്നു സച്ചിയുടെ അകാല വിയോഗ വാര്‍ത്ത പ്രേക്ഷകര്‍ കേട്ടിട്ടുണ്ടാകുക. സച്ചിയുടെ കരുതലിന്റെയും കാരുണ്യത്തിന്റെയും ഉദാഹരണങ്ങളും ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. കണ്ണുകള്‍ ദാനം ചെയ്‍തിരുന്നു സച്ചി. താൻ ചികിത്സ തേടിയ അതേ ആശുപത്രിയില്‍ മറ്റൊരാളുടെ ചികിത്സാച്ചെലവ് വഹിക്കാനും സച്ചി തയ്യാറായി."

വടക്കാഞ്ചേരിയിലെ ഡിവൈൻ ആശുപത്രിയിലായിരുന്നു സച്ചിക്ക് ഇടുപ്പെല്ലിന്റെ ശസ്‍ത്രക്രിയ നടന്നത്.  ശസ്‍ത്രക്രിയ നടന്ന് ആറ് മണിക്കൂറിന് ശേഷമായിരുന്നു സച്ചിക്ക് ഹൃദയാഘാതമുണ്ടായത് എന്നാണ് ചികിത്സിച്ച ഡോക്ടര്‍ പ്രേം കുമാര്‍ പറയുന്നത്. പ്രേം കുമാര്‍ ആണ് സച്ചി മറ്റൊരു രോഗിയുടെ ചികിത്സാച്ചെലവ് വഹിക്കാൻ തയ്യാറായ കാര്യവും വെളിപ്പെടുത്തിയത്. യൂസഫ് എന്ന എംബിഎക്കാരനായ ഒരു രോഗിയും ശസ്‍ത്രക്രിയയ്‍ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. പാവപ്പെട്ടയാളാണ്. ഭാര്യക്ക് ഒരു കൈ ഇല്ല. യൂസഫിന്റെ ചികിത്സാച്ചെലവ് വഹിക്കാൻ തയ്യാറാണെന്ന് സച്ചി ആശുപത്രിയിലെ സ്റ്റാഫിനോട് പറഞ്ഞിരുന്നു. ഡോക്ടറോട് പറയരുത് എന്നും സ്റ്റാഫിനോട് പറഞ്ഞു.  അക്കാര്യം കഴിഞ്ഞ ദിവസമാണ് സ്റ്റാഫ് എന്നോട് പറയുന്നത്. സച്ചിയുടെ കരുതലിന്റെ ഉദാഹരണമാണ് അതെന്നും ഡോക്ടര്‍ പ്രേം കുമാര്‍ പറയുന്നു.

സേതുവുമായി ചേര്‍ന്ന് തിരക്കഥയെഴുതിയാണ് സച്ചി സിനിമ ലോകത്ത് എത്തുന്നത്. റോബിൻഹുഡ് ആണ് ആദ്യം തിരക്കഥ എഴുതിയതെങ്കിലും വെള്ളിത്തിരയില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് ചോക്ലേറ്റ് ആയിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രം വൻ ഹിറ്റായി. ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമാണ് സേതുവും സച്ചിയും പിരിഞ്ഞത്.

സ്വതന്ത്രരായി തിരക്കഥയെഴുതി തുടങ്ങിയ സച്ചി ഒരു ഘട്ടത്തില്‍ സംവിധായകനായി മാറുകയും ചെയ്‍തു. അനാര്‍ക്കലി എന്ന പൃഥ്വിരാജ് ചിത്രമായിരുന്നു ആദ്യ സംവിധാന സംരഭം. ചിത്രം വൻ ഹിറ്റായി. ഏറ്റവും ഒടുവില്‍ അയ്യപ്പനും കോശിയും ആണ് സച്ചി സംവിധാനം ചെയ്‍തത്. ചിത്രവും വൻ ഹിറ്റായി ഇപ്പോഴും പ്രേക്ഷകര്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് സച്ചി വിടപറഞ്ഞിരിക്കുന്നത്.

സച്ചിയുടെ മൃതദേഹം ഇപ്പോള്‍ കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാഷ്‍ട്രീയ നേതാക്കാളും സഹപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആദരാഞ്‍ജലി അര്‍പ്പിക്കാൻ എത്തി.

സഹോദരനാണഓ സുഹൃത്താണോ അതോ അതിനേക്കാള്‍ വലിയ ബന്ധമാണോ തനിക്ക് സച്ചിയോട് ഉണ്ടായിരുന്നത് എന്ന് അറിയില്ല എന്നാണ് സുരേഷ് കൃഷ്‍ണ പറഞ്ഞത്. പരിചയപ്പെട്ടതുമുതല്‍ എത്രയോ ഓര്‍മ്മകള്‍. പുതിയ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചിരുന്നു. രാവിലെ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ അവസാന സംഭാഷണം. രാവിലെ ഇങ്ങനെയൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഞങ്ങളെയെല്ലാം പറ്റിച്ചു അവൻ പോയിയെന്നും സുരേഷ് കൃഷ്‍ണ പ്രതികരിച്ചു.

click me!