32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം

32 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയില്‍ ഒരു ശ്രദ്ധേയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തെ അഭിമാനത്തോടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ വീണ്ടും മമ്മൂട്ടി അഭിനയിക്കുന്ന സിനിമ വരികയാണ്. ഇത്തരം ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് സംഭവിക്കുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇന്നിപ്പോഴിതാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.

പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അടൂരും കെ വി മോഹന്‍ കുമാറും ചേര്‍ന്നാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മീര സാഹിബ്, നിര്‍മ്മാണ സഹകരണം ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, കലാസംവിധാനം ഷാജി നടുവില്‍, സംഗീത സംവിധാനം മുജീബ് മജീദ്, നിര്‍മ്മാണ മേല്‍നോട്ടം സുനില്‍ സിംഗ്, നിര്‍മ്മാണ നിയന്ത്രണം ബിനു മണമ്പൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം എസ് ബി സതീശന്‍, ശബ്ദ മിശ്രണം കിഷന്‍ മോഹന്‍ (സപ്താ റെക്കോര്‍ഡ്സ്), സ്റ്റില്‍സ് നവീന്‍ മുരളി, പരസ്യ പ്രചാരണം വിഷ്ണു സുഗതന്‍, പരസ്യകല ആഷിഫ് സലിം, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

കൂട്ടുകെട്ട് ഇതുവരെ

മൂന്ന് ചിത്രങ്ങളാണ് അടൂര്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് അവ. ഇതില്‍ അനന്തരത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അശോകന്‍ ആയിരുന്നു. മമ്മൂട്ടി പ്രാധാന്യമുള്ള മറ്റൊരു റോളില്‍ എത്തിയിരുന്നു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറായും വിധേയനില്‍ ഭാസ്കര പട്ടേലരായുമാണ് മമ്മൂട്ടി എത്തിയത്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയിരുന്നു.

3 പതിറ്റാണ്ടിന് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ നടക്കും. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നാളെയാണ്. 1993 ൽ പുറത്തിറങ്ങിയ 'വിധേയൻ' ആയിരുന്നു മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ അവസാന ചിത്രം. മമ്മൂട്ടി കമ്പനിയാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്‍റെ രചനാ സമയത്ത് മമ്മൂട്ടിയുടെ മുഖമാണ് കേന്ദ്ര കഥാപാത്രത്തിന്‍റെ സ്ഥാനത്ത് തന്‍റ മനസില്‍ തെളിഞ്ഞതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സക്കറിയ എഴുതിയ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂര്‍ വിധേയന്‍റെ തിരക്കഥ ഒരുക്കിയത്. പുതിയ ചിത്രത്തിന്‍റെ രചനാ സമയത്ത് മമ്മൂട്ടിയുടെ മുഖമാണ് കേന്ദ്ര കഥാപാത്രത്തിന്‍റെ സ്ഥാനത്ത് തന്‍റ മനസില്‍ തെളിഞ്ഞതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming