പ്രിയ സംവിധായകന്‍ സച്ചിക്ക് വിട; സംസ്‍കാരം ഔദ്യോഗിക ബഹുമതികളോടെ

By Web TeamFirst Published Jun 19, 2020, 3:36 PM IST
Highlights

കലയും കച്ചവടവും ഒരുമിച്ച ഒരു പിടി സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയാണ് സച്ചിയുടെ വിടപറച്ചില്‍. 

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം രവിപുരം ശമ്‍ശാനത്തില്‍ സംസ്‍കരിച്ചു. കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒൻപതേ കാലോടെയാണ് സച്ചിയുടെ മൃതദേഹം തൃശ്ശൂരിൽ നിന്നും കൊച്ചിയിൽ എത്തിച്ചത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിൽ  പത്തരവരെ പൊതുദർശനത്തിന് വച്ചു. 

എറണാകുളം ലോ കോളജിലെ നിയമ പഠനത്തിന്  ശേഷം സിനിമയിൽ എത്തുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. സച്ചിയുടെ സഹോദരങ്ങളും ഇവിടെയുണ്ടായിരുന്നു. മുകേഷ്,  ലാൽ,  സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരടക്കം സിനിമ രംഗത്ത് നിന്നുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രി വി എസ് സുനിൽ കുമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. ഹിറ്റ്‌ സിനിമകൾക്ക് തിരക്കഥ എഴുതിയ സച്ചി- സേതു കൂട്ടുകെട്ടിലെ സേതു പഴയ ഓർമകളിൽ വിങ്ങിപ്പൊട്ടി.

കലയും കച്ചവടവും ഒരുമിച്ച ഒരു പിടി സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയാണ് സച്ചിയുടെ വിടപറച്ചില്‍. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും,സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്. 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റിലൂടെയാണ് സച്ചി സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു.

റോബിൻ ഹുഡ്, മേക്ക് അപ് മാൻ, സീനിയേഴ്സ്, തുടങ്ങി ഒരുപിടി ചിത്രങ്ങൾ. സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുക്കെട്ടും പിരിഞ്ഞു. 2012ൽ റണ്‍ ബേബി റണ്‍ എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ ചേട്ടായീസിൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ അകാലവിയോഗം.

തൃശൂരിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം. എറണാകുളം ലോ കോളേജിലെ എൽഎൽബി പഠനസമയത്ത് സജീവമായിരുന്നു ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളാണ് സച്ചിയിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തിയത്. രാഷ്ട്രീയ സിനിമകളാണ് തന്‍റെ സ്വപ്നമെന്ന് വിളിച്ച് പറഞ്ഞ ചെറുപ്പക്കാരൻ. ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശി എന്നി ചിത്രങ്ങളിലൂടെ പരമ്പരാഗത നായകൻ വില്ലൻ സങ്കല്പങ്ങൾ പൊളിച്ചെഴുതാൻ ശ്രമിച്ചു. മലയാള സിനിമയിൽ തന്‍റേതായ ഇടം കണ്ടെത്തി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

 

click me!