മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഇന്ന് പ്രദർശിപ്പിക്കും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ, മലയാള സിനിമയാണിത്. 'Where the Forest Meets the Sea' എന്ന വിഭാഗത്തിലാണ് പ്രദർശനം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി എന്ന ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക. ഈ കാലത്തിനിടയ്ക്ക് അദ്ദേഹം ചെയ്തുവച്ച സിനിമകളും കഥാപാത്രങ്ങളും ഓരോരുത്തർക്കും പ്രചോദനവും അത്ഭുതവുമാണ്. കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിൽ യാതൊരുവിധ വേർതിരിവും കാണിക്കാതെ തന്നിലെ നടന് എന്ത് ചെയ്യാനാകുമെന്ന് നോക്കി വേഷങ്ങൾ കണ്ടെത്തുന്ന മമ്മൂട്ടിയെയാണ് സമീപകാലത്ത് കാണാനായത്. അക്കൂട്ടത്തിൽ നടന്റെ കയ്യിൽ ഭദ്രമായ സിനിമയായിരുന്നു ഭ്രമയുഗം. കൊടുമൺപോറ്റിയായും ചാത്തനായും അതിഗംഭീര പ്രകടനം കാഴ്ച വച്ച മമ്മൂട്ടി ചിത്രം ഇന്ന് ഓസ്കർ അക്കാദി വരെ എത്തി നിൽക്കുകയാണ്.
ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗത്തിന്റെ പ്രദർശനം ഇന്ന് രാത്രി നടക്കും. രാത്രി 7.30നാണ് സ്ക്രീനിംഗ്. ടെഡ് മാൻ തിയേറ്ററിലാണ് പ്രദർശനം. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. അക്കാദമി മ്യൂസിയത്തിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 5 ഡോളർ അതായത് 453 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും മലയാള സിനിമയും ഭ്രമയുഗമാണ്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നീ സിനിമകളും ‘Where the Forest Meets the Sea’ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിതരം ആഗോള തലത്തിൽ 60 കോടിയിലേറെ രൂപ കളക്ട് ചെയ്തിരുന്നു. ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരും അഭിനയിച്ച ചിത്രത്തിന് നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളും ഭ്രമയുഗത്തിന് ലഭിച്ചു.



