Latest Videos

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

By Web TeamFirst Published May 8, 2024, 5:23 PM IST
Highlights

യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. 

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു  സംഗീത് ശിവന്‍. 

പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 

ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. 

1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം.  രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ - ജയശ്രീ മക്കള്‍ - സജന, ശന്താനു. 

മലയാള നടി കനകലത അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു, മലയാള സിനിമയുടെ 'സുകൃതം' ഇനി ഒരു ഓര്‍മ

 

click me!