Latest Videos

മോഹൻലാൽ സാർ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് കണ്ടത് 50 തവണ: പുകഴ്ത്തി തമിഴ് സംവിധായകന്‍

By Web TeamFirst Published May 5, 2024, 9:01 AM IST
Highlights

1993ൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്.

ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും ആവർത്തിച്ച് കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കും. അത്തരത്തിലുള്ള നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ എക്കാലത്തെയും ക്ലാസിക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. 

മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. "മണിച്ചിത്രത്താഴ്, ഞാൻ ഒരു അൻപത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു ക്ലാസിക് സിനിമയാണത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് മോഹൻലാൽ സർ", എന്നാണ് സെൽവരാഘവൻ കുറിച്ചത്. 

സെൽവരാഘവന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. പ്രത്യേകിച്ച് മലയാളികൾ. ഏതൊക്കെ ഭാഷകളിൽ റീമേക്ക് ചെയ്താലും തുടർ ഭാ​ഗങ്ങൾ വന്നാലും മലയാളം മണിച്ചിത്രത്താഴിന്റെ തട്ട് താണുതന്നെ ഇരിക്കും എന്നാണ് ഇവർ പറയുന്നത്. ഒപ്പം തമിഴിനെക്കാൾ തങ്ങൾക്ക് ഇഷ്ടം മലയാളം സിനിമ ആണെന്ന് പറയുന്ന തമിഴ്നാട്ടുകാരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 

""Manichitrathazhu "
The film I have seen almost 50 times ! A classic from Fazil sir. Shobana nailed it. She won a national award for the role. sir , our national pride ! pic.twitter.com/GiBhk1lmVi

— selvaraghavan (@selvaraghavan)

1993ൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ ഡോക്ടർ സണ്ണിയായി എത്തിയപ്പോൾ നകുലൻ എന്ന സുഹൃത്തായി സുരേഷ് ​ഗോപിയും ​ഗം​ഗയായും നാഗവല്ലിയായും ശോഭയും സ്ക്രീനിൽ എത്തി. തിലകൻ, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ​ഗണേഷ് കുമാർ, ശ്രീധർ, രുദ്ര തുടങ്ങി ഒട്ടനവധി താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു. അതേസമയം, ഇനി എത്രയൊക്കെ സിനിമ വന്നാലും മണിച്ചിത്രത്താഴ് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായി തുടരും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!