സിനിമാരംഗത്തെ തൊഴിലാളികളെ സഹായിക്കാന്‍ കൂടുതല്‍ താരങ്ങള്‍ മുന്നോട്ടു വരണം

By Web TeamFirst Published Apr 9, 2020, 5:28 PM IST
Highlights

മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും സിനിമാ മേഖലയിലുള്ളവര്‍ക്ക് 10 ലക്ഷവും കൊടുത്തതായി അറിഞ്ഞു. മഞ്ജു വാര്യര്‍ അഞ്ച് ലക്ഷവും. ഇതുപോലെ പത്തോ പതിനഞ്ചോ അഭിനേതാക്കള്‍, പത്ത് ലക്ഷമോ അഞ്ച് ലക്ഷമോ സംഭാവന നല്‍കുകയാണെങ്കില്‍ തൊഴിലാളികളെ സഹായിക്കാന്‍ പറ്റും. അത് അവര്‍ ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം.

എന്നെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ കാലം സമയം പോരാതെ വരുന്ന അവസ്ഥയാണ്. ഒരു വിരസതയിലേക്കൊന്നും പോയിട്ടേയില്ല. ലോക്ക് ഡൗണ്‍ വരുന്നതിന് മുന്‍പു തന്നെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ തിരക്കഥാ ജോലികളിലായിരുന്നു. ഗോകുലം ഗോപാലേട്ടനാണ് നിര്‍മ്മാതാവ്. തിരക്കഥ ഒരു കാല്‍ഭാഗത്തോളം പൂര്‍ത്തിയായ സമയത്താണ് ലോക്ക് ഡൗണ്‍ വരുന്നത്. ആ തിരക്കഥ പൂര്‍ത്തീകരിക്കലും എഴുതിയതിന്‍റെ കറക്ഷനുമൊക്കെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷേ അസിസ്റ്റന്‍റ്സിനെയൊക്കെ ഒപ്പമിരുത്തിയുള്ള ചര്‍ച്ചകളൊന്നും നടത്താനാകുന്നില്ലെന്ന പ്രയാസമേയുള്ളൂ. അതിനാല്‍ എന്നെ സംബന്ധിച്ച് വിരസതയുടെ കാര്യമേയില്ല. അല്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമുള്ള ആളാണ് ഞാന്‍. 

മറ്റൊരു ഉത്തരവാദിത്തം ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെട്ടതാണ്. അതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു ഈ ദിവസങ്ങളില്‍. കര്‍ഷകരില്‍ നിന്ന് പച്ചക്കറി എടുക്കലും കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യത്തിന് എത്തിക്കലുമൊക്കെ. ഇതു സംബന്ധിച്ച് കളക്ടറേറ്റിലെ യോഗങ്ങളും. പരമാവധി ലോക്ക് ഡൗണ്‍ പാലിക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തേക്ക് പോകുന്നത്. ബാക്കി സമയങ്ങളില്‍ വീട്ടില്‍ അടച്ചിരിപ്പു തന്നെയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുക എന്നത് സമൂഹത്തോടും അവനവനോടു തന്നെയും ചെയ്യുന്ന ഒരു വലിയ കാര്യമായാണ് ഞാന്‍ കരുതുന്നത്. നമ്മുടെ ഒരു നിസ്സാര അശ്രദ്ധ ചിലപ്പോള്‍ വിളിച്ചുവരുത്തുക മാരകമായ ഭവിഷ്യത്തുകളായിരിക്കും. എന്തും വരുന്നത് വരെ തമാശയാണ്, വിശേഷിച്ചും നമ്മള്‍ മലയാളികള്‍ക്ക്. 

30,000 കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അതിന്‍റെ പിന്നില്‍ ഞങ്ങളുടെയൊക്കെ അധ്വാനമുണ്ട്. നാടകം, ഡാന്‍സ്, ബാലെ രംഗത്തൊക്കെയുള്ള കലാകാരന്മാര്‍ക്ക് ഒരു ഉത്സവ സീസണ്‍ നഷ്ടപ്പെടുന്നു എന്നത് അവരുടെ നടുവൊടിക്കുന്ന യാഥാര്‍ഥ്യമായിരുന്നു. ക്ഷേമനിധി അംഗത്വമുള്‍പ്പെടെ ഒരു ലിസ്റ്റിലും ഉള്‍പ്പെടാത്ത കലാകാരന്മാര്‍ക്കും സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഉപകാരപ്പെടും. ഇതൊക്കെ സംബന്ധിച്ചുള്ള പല ചര്‍ച്ചകളുടെയും ഭാഗമായത് വീട്ടിലിരുന്ന് തന്നെയാണ്. ടെക്നോളജി കാര്യക്ഷമമായി ഉപയോഗിച്ചാല്‍ 'അടച്ചിരിപ്പ്' ഒരു മനസികഭാരമാവില്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭം കൂടിയാണ് ഇത്. 

പുതിയ സിനിമയ്ക്ക് പാട്ടുകള്‍ ഒരുക്കുന്നത് എം ജയചന്ദ്രനാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിനിമയുടെ പ്രമേയവും പാട്ടുകളുടെ സന്ദര്‍ഭങ്ങളുമൊക്കെ ഫോണിലൂടെയാണ് ജയചന്ദ്രനോട് പങ്കുവെച്ചത്. സംഗീതം സംബന്ധിച്ച ചര്‍ച്ചകള്‍ ഫോണ്‍ വഴി നടത്തിയത് കൗതുകകരമായ അനുഭവമായിരുന്നു. 

അതേസമയം സിനിമാമേഖലയുടെ നിലവിലെ യാഥാര്‍ഥ്യം ഭയാനകമാണ്. വെന്‍റിലേറ്ററില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ പൊതുവെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ്. നമ്മളില്‍ പലരും അങ്ങനെയാണ്. മരിക്കാന്‍ കിടക്കുകയാണെങ്കിലും നാളെ എണീയ്ക്കുമെന്നും സുന്ദരമായി ജീവിക്കുമെന്നുമൊക്കെ സ്വപ്‍നം കാണുന്നവര്‍. പക്ഷേ സിനിമാ മേഖലയുടെ യാഥാര്‍‌ഥ്യം കാണാതിരിക്കാന്‍ പറ്റില്ല. എനിക്കുപോലും എന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങാന്‍ പറ്റുമെന്നോ എന്തായിരിക്കും സ്ഥിതിയെന്നോ പറയാന്‍ പറ്റാത്ത സന്ദര്‍ഭമാണ്. ഹോളിവുഡ് ഉള്‍പ്പെടെ ലോകത്തെ എല്ലാ സിനിമാ വ്യവസായങ്ങളുടെയും കാര്യം ഇതു തന്നെയാണ്. മലയാളത്തിന്‍റെ കാര്യം പറയാനുമില്ല. മാസം പത്തും ഇരുപതുമൊക്കെ സിനിമകള്‍ റിലീസിനെത്തുന്നതാണ് നമ്മുടെ തീയേറ്ററുകളില്‍. അടുത്തകാലത്ത് കേരളത്തിലെ തീയേറ്റര്‍ രംഗത്ത് വലിയ തോതിലുള്ള മുതല്‍ മുടക്ക് സംഭവിച്ചിരുന്നു. പുതിയ സംവിധാനങ്ങളൊക്കെ പല തീയേറ്റര്‍ ഉടമകളും ഏര്‍പ്പെടുത്തിയത് ലോണൊക്കെ എടുത്തിട്ടാണ്. തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ വന്നുതുടങ്ങിയ അവസ്ഥയുമുണ്ടായിരുന്നു. അതൊക്കെ നിന്നു. കൊവിഡ് സംബന്ധിച്ച 'ഫിയര്‍ ഫാക്ടര്‍' സിനിമ കാണാനെത്തുന്ന പ്രേക്ഷകരില്‍ കുറച്ചുകാലം കൂടി നില്‍ക്കാനാണ് സാധ്യത. തീയേറ്ററുകളൊക്കെ സാധാരണ നിലയില്‍ ഇനി പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ജൂണ്‍-ജൂലൈ മാസമൊക്കെ ആവുമെന്നാണ് എനിക്ക് തോന്നുന്നത്. നിര്‍ത്തിവച്ച സിനിമകളുടെ ചിത്രീകരണങ്ങളും ആ സമയത്തേ പുനരാരംഭിക്കൂവെന്നും ഞാന്‍ കരുതുന്നു. എന്‍റെ സിനിമ ജൂണില്‍ ആരംഭിക്കാമെന്നാണ് പ്ലാന്‍ ചെയ്‍തിരുന്നത്. പക്ഷേ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള സിനിമകള്‍ വൈകുന്നതനുസരിച്ച് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗും വൈകും. ഒക്കെ പഴയപടിയായി തീയേറ്റര്‍ കളക്ഷനൊക്കെ എങ്ങനെ വരുമെന്ന് കണ്ട് മാത്രമേ വിലയിരുത്താനാവൂ. 

സിനിമയിലെ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ ക്ഷേമനിധിയില്‍ അംഗങ്ങളായ പതിനായിരം പേര്‍ക്ക് സര്‍ക്കാരിന്‍റെ സഹായം ലഭിക്കും. അമിതാഭ് ബച്ചനും കല്യാണും കൂടി ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ അത് ഇന്ത്യന്‍ സിനിമാ മേഖലയിലെ അന്‍പതിനായിരം പേര്‍ക്കാണ്. എന്നെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സാധാരണ മധ്യവര്‍ഗ അവസ്ഥയേക്കാള്‍ ധനികനൊന്നുമല്ല. കഴിയുന്ന വ്യക്തിപരമായ സഹായങ്ങള്‍ ചില സുഹൃത്തുക്കള്‍ക്കൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് പോര. മറ്റ് ഭാഷകളിലൊക്കെ ചെയ്യുന്നത് പോലെ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഇതിന് മുന്നോട്ടു വരണം. നല്ല ധനസ്ഥിതിയുള്ള പത്തോ പതിനഞ്ചോ നടന്മാര്‍ മലയാള സിനിമയിലുണ്ട്. മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും സിനിമാ മേഖലയിലുള്ളവര്‍ക്ക് 10 ലക്ഷവും കൊടുത്തെന്നറിഞ്ഞു. മഞ്ജു വാര്യര്‍ അഞ്ച് ലക്ഷവും കൊടുത്തെന്നറിഞ്ഞു. ഇതുപോലെ പത്തോ പതിനഞ്ചോ അഭിനേതാക്കള്‍, പത്ത് ലക്ഷമോ അഞ്ച് ലക്ഷമോ സംഭാവന നല്‍കുകയാണെങ്കില്‍ തൊഴിലാളികളെ സഹായിക്കാന്‍ പറ്റും. അത് അവര്‍ ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം. അത് അവര്‍ കണ്ടറിഞ്ഞ് ചെയ്യുമെന്ന് തന്നെ ഞാന്‍ കരുതുന്നു. 

click me!