'കഥ ആവുന്നു'; മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തെക്കുറിച്ച് വിനയന്‍

By Web TeamFirst Published Jul 30, 2021, 8:35 PM IST
Highlights

'പത്തൊമ്പതാം നൂറ്റാണ്ടി'നേക്കാള്‍ വലിയ ചിത്രമായിരിക്കുമെന്ന് വിനയന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തന്‍റെ ആഗ്രഹം വിനയന്‍ പലതവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. തന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ഇരുവര്‍ക്കും അനുയോജ്യമായ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ചിത്രം ഒരുക്കാനുള്ള കഥയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും. എന്നാല്‍ ആ ചിത്രത്തെക്കുറിച്ച് കൂടുതല്‍ ധാരണയിലെത്തിയെന്ന രീതിയിലാണ് ഒരു ആരാധകന്‍റെ ചോദ്യത്തിന് സമൂഹമാധ്യമത്തില്‍ വിനയന്‍റെ പുതിയ പ്രതികരണം.

തന്‍റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഫേസ്ബുക്കിലൂടെ വിനയന്‍ ഇന്നലെ പങ്കുവച്ചിരുന്നു. അതിനുതാഴെയാണ് ഒരു ആരാധകന്‍ 'മോഹന്‍ലാല്‍ വിനയന്‍ ചിത്രം പ്രതീക്ഷിക്കാമോ' എന്ന ചോദ്യവുമായി എത്തിയത്. താമസിയാതെ വന്നു വിനയന്‍റെ മറുപടി. 'തീര്‍ച്ഛയായും, കഥ ആവുന്നു', വിനയന്‍ കുറിച്ചു.

 

"എനിക്കും ലാലിനും ഇഷ്‍ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. ലാലുമൊത്ത് ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിനാല്‍ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിനു ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലുമൊയി ഒരുമിക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാവണം ആ ചിത്രം. നിലവില്‍ രണ്ട് കഥകളാണ് ഇതിനായി മനസ്സിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇത്", വിനയന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം വിനയന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്'. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇത്. സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ സ്ക്രീനില്‍ എത്തിക്കുക. കയാദു ലോഹര്‍ ആണ് നായിക. നങ്ങേലിയായാണ് കയാദു എത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി തുടങ്ങി താരനിര നീളുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യൂവെന്നും വിനയന്‍ പറഞ്ഞിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!