ആത്മസുഹൃത്തായിരുന്നു ശ്രീനിവാസനെന്നും, സ്വയം നോക്കി ചിരിക്കാൻ അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ലെന്നും പ്രിയദർശൻ പറഞ്ഞു.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നുവെന്നും, സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ലെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പ്രിയദർശൻ പറഞ്ഞു.

"എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ല.

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട." പ്രിയദർശൻ കുറിച്ചു.

അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.