Sword of liberty : വേലുത്തമ്പി ദളവയുടെ ജീവിത കഥ, 'സ്വോഡ് ഓഫ് ലിബർട്ടി' പുറത്തിറക്കി മഞ്ജു വാര്യര്‍

By Web TeamFirst Published Dec 2, 2021, 6:25 PM IST
Highlights

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്‍ത  'സ്വോഡ് ഓഫ് ലിബർട്ടി' റിലീസ് ചെയ്‍തു.

പുരസ്‍കാര പെരുമയിലൂടെ പ്രേക്ഷക ചര്‍ച്ചകളില്‍ ഇടം നേടിയ ഡോക്യുമെന്ററിയാണ് 'സ്വോഡ് ഓഫ് ലിബർട്ടി' (Sword of liberty). ഇതിഹാസ പുരുഷനായും വിവാദ നായകനായും ചരിത്രത്തില്‍ ഇടമുള്ള വേലുത്തമ്പി ദളവയെ (Veluthambi Dalawa) കുറിച്ചുള്ളതാണ് 'സ്വോഡ് ഓഫ് ലിബർട്ടി'. ചരിത്ര രേഖകളിലുള്ളതും വെളിവാകാത്തതുമായ വേലുത്തമ്പി ദളവയെയാണ് ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. മൂന്ന് ദേശീയ പുരസ്‍കാരവും രണ്ട് സംസ്ഥാന പുരസ്‍കാരവും സ്വന്തമാക്കിയ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്‍ത 'സ്വോഡ് ഓഫ് ലിബർട്ടി' യൂട്യൂബിലൂടെ ഇനി കാണാം. നടി മഞ്ജു വാര്യരാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

ദുര്‍വിധിയായിരുന്നു വേലുത്തമ്പിക്ക്. തന്റെ രാജാവിനോടും ബ്രിട്ടീഷുകാര്‍ക്കും എതിരെ പടപൊരുതുകയും ഒടുവില്‍ ശത്രുവിന് പിടികൊടുക്കാതിരിക്കാൻ ജീവത്യാഗം ചെയ്‍തതുമൊക്കെയായിട്ടാണ് വേലുത്തമ്പി ദളവയെ ചരിത്രത്തില്‍ കാണുന്നത്. ഇതിഹാസ നായകനായിട്ടാണ് മിക്കവരും വേലുത്തമ്പി ദളവയെ ചരിത്രത്തില്‍ വാഴ്‍ത്തുന്നത്.  ഇതിഹാസതുല്യമായ വേലുത്തമ്പിയുടെ ജീവിതം തുള്ളൽ, വില്ലടിച്ചാൻപാട്ട് ,പാവക്കൂത്ത് തുടങ്ങിയവയുടെ സഹായത്തോടെ സര്‍ഗാത്മകമായ ആഖ്യാനത്തിലൂടെ ഡോക്യുമെന്ററിയില്‍ പറയുന്നു. 

വളരെ അക്കാദമിക്കായ ഒരു വിഷയം പ്രേക്ഷകർക്ക് അനുഭവേദ്യം ആകുന്നത് ആഖ്യാനത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ്. ബീയാർ പ്രസാദ് എഴുതിയ തിരക്കഥയില്‍ കലാരൂപങ്ങളും ഭാഗമാകുന്നത് ആ പരീക്ഷണത്തിന്റെ ഭാഗമായാണ്. ബിയര്‍ പ്രസാദ് തന്നെയാണ് ഗാനങ്ങളും എഴുതിയിരിക്കുന്നത്.  ആർ സി സുരേഷാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. 

രമേശ് നാരായണനാണ് ഡോക്യുമെന്ററിലൂടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രമേശ് നാരായണന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്‍തു. ജെബിൻ ജേക്കബാണ് ഡോക്യുമെന്ററിയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററിയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് അജയ് കുയിലൂറാണ്.

ഡോക്യുമെന്‍ററി കാണാം

click me!