സിനിമ, സീരിയൽ രംഗത്തേയ്‌ക്ക് വരുന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്; കുറിപ്പുമായി ഡോ. ഷിനു ശ്യാമളന്‍

By Web TeamFirst Published Oct 21, 2020, 3:15 PM IST
Highlights


ഒരു വർഷം മുൻപ് സിനിമ സംവിധായിക അഞ്ജലി മേനോൻ ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു. അന്ന് യഥാർഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും, മാഡം പരാതി നൽകുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി

മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. സിനിമയില്‍ പണം മുടക്കിയാൽ നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍നിന്ന് പണംതട്ടുന്നതും, യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായ വാർത്തകൾ ദിനം പ്രതി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടുമ്പോൾ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുകയാണ് സാമൂഹ്യ പ്രവർത്തകയും ഡോക്ടറുമായ ഷിനു ശ്യാമളന്‍. പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും വിളിക്കുമെന്നും അത് വിശ്വസിച്ചു അവരെ കാണാൻ ഓടി പോകരുതെന്നും  ചില കഴുകൻ കണ്ണുകൾ നിങ്ങളെ നോക്കി ഇരിപ്പുണ്ട് ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ. ഷിനു ശ്യാമളന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം


മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്‌ക്ക് വരുന്ന പെൺകുട്ടികളുടെ  ശ്രദ്ധയ്ക്ക്,
പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും. സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങൾ അത് വിശ്വസിച്ചു അവരെ കാണാൻ ഓടി പോകരുത്.

ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. യഥാർത്ഥത്തിൽ അവർ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കൾ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാൻ ശ്രമിക്കുക. അവരോട് സംസാരിക്കുക.

ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ് വിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റിൽ വീഴാതെ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഒരു വർഷം മുൻപ് സിനിമ സംവിധായിക അഞ്ജലി മേനോൻ ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു. അന്ന് യഥാർഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും മാഡം പരാതി നൽകുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടൻ ആണെന്ന് പറഞ്ഞു വിളിച്ചു. അന്വേഷിച്ചപ്പോൾ അത് സത്യമല്ല. ഇതുപോലെ നിരവധി പേർ സോഷ്യൽ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നിൽക്കുന്നവരെ വിളിക്കും.

അവർക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.
ഇത്തരക്കാർ വിളിക്കുക അമേരിക്കയിൽ നിന്നുള്ള നമ്പറുകളോ, ഇന്റർനെറ്റ് കാളുകളോ ആവും.

നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങൾ അവർ പറയും. കൂടാതെ അവർ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.

ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാൽ മാത്രമേ അവരെ കാണാൻ പൊകാവു.

ട്രാപ്പുകൾ ആവാം. സൂക്ഷിക്കുക. തെളിവുകൾ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.

സോഷ്യൽ മീഡിയയിൽ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു. ചില കഴുകൻ കണ്ണുകൾ നിങ്ങളെ നോക്കി ഇരിപ്പുണ്ട്. ജാഗ്രത.

നന്ദി.
 

click me!