ദൃശ്യം 3 വരുന്നു ? സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഫാൻ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും

By Web TeamFirst Published Aug 16, 2022, 9:51 AM IST
Highlights

ദൃശ്യം 3 എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ് ആയി മുന്നേറുകയാണ്.

ലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. ദൃശ്യവും ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ദൃശ്യം 3 ആണ് സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയി നിൽക്കുന്നത്. 

ഫാൻ മെയിഡ് പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരിക്കുകയാണ്. അതുകൂടാതെ ദൃശ്യം 3 എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ് ആയി മുന്നേറുകയാണ്.  ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തുവന്നപ്പോൾ തന്നെ ഒരു മൂന്നാം ഭാ​ഗം കാണുമെന്ന സൂചനകൾ ജീത്തു ജോസഫ് നൽയിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രചാരണം ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ പുതിയ അനൗൺസ്മെന്റ്നായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. 

ദൃശ്യം 3നെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞത്

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം, ഓഗസ്റ്റ് 17ന് ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. 17ന് വലിയൊരു അനൌണ്‍സ്മെന്‍റ് ഉണ്ടാകുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ദൃശ്യം 3 ആണോ അതോ ബറോസിന്‍റെ റിലീസ് വിവരമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  

Announcement coming soon on 17th August.

— Antony Perumbavoor (@antonypbvr)

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യത്തിൽ മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്നു. മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചത്. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.

'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന സ്ഥലത്ത്  കേബിൾ ടി വി സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിന് ഉത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പൊലീസ്‌ ഐ ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമ വിവരിച്ചത്. രണ്ടാം ഭാ​ഗത്തിൽ കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ മൃതശരീരം എടുക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഉൾക്കൊള്ളിച്ചിരുന്നത്. 

click me!