ഇതിനിടെ, 'ഗോസ്റ്റ്' എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ച് ഉണ്ണി മുകുന്ദൻ ചർച്ചകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. Is Malikappuram movie directed by Unni Mukundan?; Actor shares photo after the controversy
മാളികപ്പുറം എന്ന സിനിമ ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്തതാണെന്ന നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ 2 കോടി രൂപയുടെ നഷ്ടം വന്നുവെന്നും, സുമതി വളവ് എന്ന ചിത്രം കാരണം 7 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുരളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുരളിയുടെ ആരോപണഗങ്ങൾ നിഷേധിച്ചുകൊണ്ട് സംവിധായകൻ വിഷ്ണു ശശിശങ്കറും എഴുത്തുകാരൻ അഭിലാഷ് പിള്ളയും രംഗത്തുവന്നിരുന്നു.
തനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദനെന്നും ഒരു അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളെന്നും ഇതിനെല്ലാം പിന്നിൽ ഉണ്ണി മുകുന്ദൻ ഉണ്ടെന്ന് തനിക്ക് സംശയമുണ്ടെന്നും വിഷ്ണു ശശിശങ്കർ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ വിവാദങ്ങളും വെളിപ്പെടുത്തലുകളും നടക്കുന്നതിനിടെ ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ ചിത്രത്തിനൊപ്പം 'ഗോസ്റ്റ്' എന്ന തലക്കെട്ടോട് കൂടിയാണ് ഉണ്ണി മുകുന്ദൻ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. ഗോസ്റ്റ് ഡയറക്ടിങ്ങ് എന്നുള്ളതിലേക്ക് വിരൽചൂണ്ടുന്ന സൂചനയാണ് ഉണ്ണി തന്റെ സ്റ്റോറിയിലൂടെ നൽകുന്നത് എന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്യുകയും, പരാജയ ചിത്രങ്ങൾ വേറെ സംവിധായകനാവുന്ന ട്രെൻഡ് എന്താണെന്ന് തനിക്ക് അറിയില്ല എന്ന് പത്ര സമ്മേളനത്തിനിടെ അഭിലാഷ് പിള്ളയും തുറന്നുപറഞ്ഞിരുന്നു. രണ്ട് മുട്ടനാടുകളെ ഇടി കൂടിപിച്ച് ചോര കുടിക്കുന്ന ചെന്നായ ആണ് ഉണ്ണി മുകുന്ദനെന്നും അഭിലാഷ് പിള്ള പത്ര സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.


