'സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം, പുറത്ത് പറയുന്നില്ലെന്നേയുള്ളു': ഇടവേള ബാബു

By Web TeamFirst Published Nov 29, 2019, 3:55 PM IST
Highlights

അമ്മയിലെ അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ ആവശ്യമാണെന്നും ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും ഇടവേള ബാബു 

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. അമ്മയിലെ അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ ആവശ്യമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തന്നെ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചതും ചെയ്തുകൊടുത്തതും. എന്നാല്‍ പിന്നീട് ഇതുവരേയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും ഇടവേള ബാബു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

'ലൊക്കേഷനിൽ എൽഎസ്‍ഡി അടക്കം ലഹരി വസ്തുക്കൾ, പൊലീസ് പരിശോധന വേണം': നിർമാതാക്കൾ

ഷെയ്ന് തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ശ്രമിക്കില്ല. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നൽകുക ബുദ്ധിമുട്ടാണ്. ഇതുവരെ ഒരു സിനിമ പോലും നിർത്തി വയ്ക്കാൻ അമ്മ കാരണമായിട്ടില്ല. ഷെയ്‌നിനെ വിലക്കിയ വിഷയം ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പ്രതികരിച്ചു. 

ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ പ്രതികരണത്തെക്കുറിച്ചും ഇടവേളബാബു പ്രതികരിച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. സെറ്റുകളിൽ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ അമ്മ യോഗത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് അത് പാസായിരുന്നില്ല. ഈ വിഷയം വീണ്ടും സംഘടനയിൽ മുന്നോട്ട് വെക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 

"

ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന പ്രതികരണവുമായി ഫെഫ്കയും രംഗത്തെത്തിയിരുന്നു. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ഷെയ്ൻ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 

ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനും തീരുമാനമായി. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ തുക ഷെയ്ന്‍ നല്‍കണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ ഷെയ്നിനെ ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. 

click me!