കൊച്ചി: നടൻ ഷെയ്ൻ നിഗമിനെ വിലക്കിയതിനൊപ്പം പുതുതലമുറ താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 

ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ല. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ട്. എല്ലാ സിനിമാ സെറ്റുകളിലും ലഹരിവസ്തുക്കൾ എത്തുന്നുണ്ട്. എല്ലാ സെറ്റുകളിലും പരിശോധന നടത്തട്ടെ. അമ്മ സംഘടനയിൽ പല യുവതാരങ്ങളും ചേരാൻ തയ്യാറല്ല. കാരണം അമ്മയ്ക്ക് കൃത്യമായ നിലപാടുകളുണ്ട്. അമ്മയുമായി സഹകരിക്കാത്ത, അംഗങ്ങളല്ലാത്ത ആളുകൾക്കെതിരെ ആർക്ക് പരാതി നൽകും?

എല്ലാ കാരവാനുകളും വിശദമായി പരിശോധിക്കണം. ഇപ്പോൾ പേരെടുത്ത് ആരോപണമുന്നയിക്കാനില്ല. കൃത്യമായ അന്വേഷണം നടക്കട്ടെ. 84% നഷ്ടത്തിലോടുന്ന വ്യവസായമാണിത്. 

ഷെയ്ൻ മാത്രമല്ല, പലരും സ്വബോധത്തിലല്ല കാര്യങ്ങൾ ചെയ്യുന്നത്. പല താരങ്ങളും സഹകരിക്കുന്നില്ല. ഇത്തരം പെരുമാറ്റം സ്വബോധത്തോടെ ആരും ചെയ്യില്ലല്ലോ. 

ഉല്ലാസം എന്ന ചിത്രത്തിന് ഇതിന് മുമ്പും പല തവണ പ്രശ്നമുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഷെയ്ൻ 10 ലക്ഷം രൂപയേ വാങ്ങിച്ചിരുന്നുള്ളൂ. രണ്ട് വർഷത്തിനകം എന്‍റെ പ്രതിഫലം 25 രൂപയായേക്കും എന്ന് പറഞ്ഞാണ് അന്ന് 25 ലക്ഷം കരാർ ഒപ്പിടുന്നത്. എന്നാൽ ഇപ്പോൾ ഡബ്ബിംഗിന്‍റെ സമയത്ത് 20 ലക്ഷം കൂടി, അതായത് 45 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രൊഡ്യൂസർ ആരോപിച്ചു. എന്നാൽ മറ്റൊരു കരാർ കാണിച്ചാണ് നിർമാതാവ് ആരോപണമുന്നയിക്കുന്നത് എന്നാണ് ഷെയ്ൻ ഇതിന് മറുപടിയായി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ഒരു ദിവസം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ ചെലവുണ്ട്. നൂറ് കണക്കിനാളുകൾ സെറ്റിൽ കാത്തുനിൽപുണ്ട്. അവരെയൊക്കെ ബുദ്ധിമുട്ടിക്കുകയാണ്.

കൃത്യമായ കാരണങ്ങളുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കൃത്യസമയത്ത് ഒരിക്കലും ലൊക്കേഷനിൽ ഷെയ്ൻ എത്തിയിരുന്നില്ല. വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് സമവായ ചർച്ചകൾ നടത്തിയിരുന്നതാണ്. ഇതിന് ശേഷം ലൊക്കേഷനിലേക്ക് നിർമാതാവിനോട് പോകേണ്ടത് നിർദേശിച്ചത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെയാണ്. അത്തരത്തിൽ ഷെയിനിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്ന് കരുതി. പക്ഷേ, സമവായചർച്ച കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങിയിട്ട് രണ്ട് ദിവസം ഷെയിനിനെ കാണാനില്ലായിരുന്നു. എവിടെപ്പോയെന്നോ, എന്ത് ചെയ്യുകയാണെന്നോ അറിയില്ല. ഫോണിൽ ലഭ്യമായിരുന്നില്ല. പ്രൊഡ്യൂസറും സംവിധായകനും ഞങ്ങളെ വിളിച്ചു. ഞങ്ങളും ബന്ധപ്പെടാവുന്ന തരത്തിലൊക്കെ വിളിച്ച് നോക്കി. 

ഇതെല്ലാം കഴിഞ്ഞാണ്, ഷെയിനിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ രൂപം മൊത്തം മാറിയ തരത്തിലുള്ള ഫോട്ടോകൾ കണ്ടത്. ഒരു സിനിമയ്ക്ക് രൂപമല്ലേ പ്രധാനം? അതില്ലാതായിപ്പോയാൽ ഞങ്ങളെങ്ങനെ സിനിമ തീർക്കും? ഞങ്ങൾ ചെലവാക്കിയ പണമോ, ഇത് ഞങ്ങളെ കളിയാക്കുകയല്ലേ? ഇതാണോ പ്രതിഷേധിക്കേണ്ട രീതി? - എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചോദിക്കുന്നു. 

25 ലക്ഷം രൂപയാണ് ഉല്ലാസം എന്ന സിനിമയ്ക്ക് കരാർ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഡബ്ബ് ചെയ്യേണ്ട സമയത്താണ് 20 ലക്ഷം രൂപയും കൂടെ ചോദിച്ചത്. ഇനി ഈ സിനിമ ഇനി പൂർത്തിയാക്കാനാകില്ല. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. ഈ രണ്ട് സിനിമകൾക്കുമായി ഏഴ് കോടി രൂപ ചെലവായി. ഈ പണം എന്ന് ഷെയ്ൻ തിരിച്ചുതരുന്നോ അന്ന് മാത്രമേ, ഇനി ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കൂ. ഷെയ്നിനെ പങ്കാളിയാക്കുന്ന മറ്റെല്ലാ സിനിമകളും നിർത്തിവയ്ക്കുകയാണെന്നും നിർമാതാക്കളുടെ സംഘടന പറഞ്ഞു.