
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുൽഖർ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കുഞ്ഞിക്ക എന്നാണ് സ്നേഹത്തോടെ ആരാധകർ നടനെ വിളിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുൽഖർ.
ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം കുറിച്ചു. മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 4.4 മില്യൺ ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 3 മില്യണാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.
തെന്നിന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് താരം. അല്ലു അർജുനാണ് ഒന്നാം സ്ഥാനത്ത്. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര്‍ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.
ഹേയ് സിനാമിക എന്ന തമിഴ് ചിത്രമാണ് ദുൽഖറിന്റേതായി പുറത്തുവരാനിരിക്കുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Read Also: Mammootty And Dulquer Salmaan : യഥാർത്ഥത്തിൽ ദുൽഖർ ഫോൺ അടിച്ചുമാറ്റിയോ? മമ്മൂട്ടി പറയുന്നു
മലയാളത്തിൽ കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍ത ചിത്രം 'സല്യൂട്ട്'ആണ് റിലീസ് കാത്തു നിൽക്കുന്നത്. കഴിഞ്ഞ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വർധിച്ച സാഹചര്യത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.