
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് രൂപീകരിച്ചു. ദുൽഖർ സൽമാൻ ഫാമിലി അഥവാ ഡിക്യുഎഫ് എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി കമ്മ്യൂണിറ്റി രൂപം കൊണ്ടു. ചടങ്ങില്‍ വച്ച് 25 പേര്‍ക്ക് കമ്യൂണിറ്റിയില്‍ ആദ്യമായി അംഗത്വം നല്‍കി. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്.
സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോൻ, നിനിഷ്, സുലൈമാൻ കക്കാടൻ, നിവി, ലിയോ, ബംഗ്ലാൻ, റോണി, അനൂപ്, ആർ കെ രാഗേഷ്, ദേവിക, എ എം സിദ്ദിഖ്, ബോബി, വിനി, കിച്ചി ടെല്ലസ്, ജോമോൻ, അജിത്, സുനീഷ് തുടങ്ങിയവര്‍ക്കാണ് കമ്മ്യൂണിറ്റിയിൽ ഇതിനകം അംഗത്വം നല്‍കിയത്. തങ്ങളുടെ കഴിവ് പുറത്തെടുക്കുവാൻ സാധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക് ഒരു അവസരം നൽകുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇംതിയാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ടെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്തു നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. സംവിധായകന്‍ ടോം ഇമ്മട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍
ALSO READ : നിഗൂഢത നിറച്ച് മമ്മൂട്ടി; 'റോഷാക്ക്' സെക്കന്‍ഡ് ലുക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ