നിഗൂഢത നിറച്ച് മമ്മൂട്ടി; 'റോഷാക്ക്' സെക്കന്‍ഡ് ലുക്ക്

By Web TeamFirst Published Aug 20, 2022, 6:24 PM IST
Highlights

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് ഏറ്റവുമധികം വൈവിധ്യം പുലര്‍ത്തുന്ന മലയാളം സൂപ്പര്‍താരം മമ്മൂട്ടിയാണ്. അദ്ദേഹത്തിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ വ്യത്യസ്തതയുള്ള ഒന്നാണ് റോഷാക്ക്. മെയ് 2 ന് ചിത്രത്തിന്‍റെ ടൈറ്റിലിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് സിനിമാപ്രേമികളില്‍ ഏറെ ഉദ്വേഗമുണര്‍ത്തിയ ഒന്നായിരുന്നു. മുഖത്ത് ഒരു മൂടുപടമണിഞ്ഞ നായകനായിരുന്നു ഫസ്റ്റ് ലുക്കില്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്. ഒരു പാറക്കെട്ടില്‍ വിശ്രമിക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രമാണ് സെക്കന്‍ഡ് ലുക്കില്‍. 

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി എന്ന തന്‍റെ പുതിയ ബാനറിലാണ് നിര്‍മ്മാണം.  മമ്മൂട്ടി തന്നെ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കവും നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനര്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്സ് സേവ്യർ, എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖറാണ് പി ആർ ഒ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.

ALSO READ : സ്ക്രീനില്‍ വിസ്‍മയമാവാന്‍ വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്'; ട്രെയ്‍ലര്‍ എത്തി

click me!