
'ഉറങ്ങുമ്പോള് കാണുന്നതല്ല സ്വപ്നം, മറിച്ച് നിങ്ങളെ ഉറങ്ങാന് സമ്മതിക്കാത്തതാണ്', എന്ന് പഠിപ്പിച്ച ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു നമുക്ക്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാം. അത്തരം വലിയ സ്വപ്നങ്ങളിലേക്ക് വതിൽ തുറന്നൊരു സിനിമയാണ് ഇന്ന് തിയറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രം 'ആകാശം ലോ ഓക താര'. കല്പന എന്ന യുവതിയുടെ കുട്ടിക്കാലത്തെ സ്വപ്നവും ആ നേട്ടത്തിലേക്ക് അവളെ എത്തിക്കാനായി ഒരു ഭർത്താവ് നടത്തുന്ന പോരാട്ടത്തിന്റേയും കഥയാണ് ആകാശം ലോ ഓക താര എന്ന് ഒറ്റ വാക്കിൽ പറയാം.
വികസനങ്ങൾ എത്തി നോക്കാത്ത അല്ലെങ്കിൽ അധികാരികൾ കണ്ണടച്ചൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ എന്തിനും ഏതിനും ചോദ്യങ്ങളുമായി മുന്നിൽ നിൽക്കാറുള്ള കല്പന എന്ന കുട്ടിയുണ്ട്. അവളിലൂടെയാണ് സിനിമ തുടങ്ങുന്നത്. നിനച്ചിരിക്കാതെ അവളുടെ ഉള്ളിൽ ആസ്ട്രോനട്ട് (ബഹിരാകാശ സഞ്ചാരി) ആകണമെന്ന മോഹം ഉദിക്കുന്നു. അതിനായി അവൾ തീവ്രപരിശ്രമം നടത്തി. എന്നാൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും അവൾ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ നിർബന്ധിതയാകുന്നു. ചന്ദ്രനെയും നക്ഷത്രങ്ങളേയും നേരിൽ കാണണമെന്ന അവളുടെ ആഗ്രഹം അവിടെ വച്ച് അവസാനിച്ചുവെന്ന് കരുതിയ ഇടത്തുനിന്ന്, ആ സ്വപ്നത്തിലേക്ക് അവളെ കൈപിടിച്ച് നടത്താൻ ഭർത്താവ് കൃഷ്ണ മുന്നിട്ടിറങ്ങുന്നു. ശേഷം അവരുടെ ജീവിതത്തിൽ എന്തൊക്കെ നടന്നു? കല്പനയുടെ ആഗ്രഹം സഫലമായോ? എന്നെല്ലാമുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ആകാശം ലോ ഓക താര'യുടെ ഇതിവൃത്തം.
ചിത്രത്തിന്റെ യുഎസ്പി എന്നത് അതിന്റെ തിരക്കഥയാണ്. ആദിമധ്യാന്തം ഒരു മുഷിപ്പും അനുഭവിപ്പിക്കാതെ ഇമോഷനും ത്രില്ലിങ്ങും സമ്മാനിച്ച് സിനിമയിലേക്ക് ഓരോ രംഗങ്ങൾ കഴിയുമ്പോഴും പ്രേക്ഷകരെ കൂടുതൽ അടുപ്പിക്കുന്ന രീതിയിൽ ആണ് രചന. അക്കാര്യത്തിൽ തിരക്കഥാകൃത്തുക്കളായ ഗുന്നം ഗംഗരാജുവും വസന്ത് ജുറുവും മികവ് പുലർത്തിയിട്ടുണ്ട്. കൃഷ്ണ എന്ന കഥാപാത്രമായി എത്തി ദുൽഖർ സൽമാൻ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനവും ഉറപ്പാണ്. ചേച്ചിയുടെ തണലിൽ വളർന്ന അനുജനായും, ഭാര്യയുടെ സ്വപ്നത്തിനായുള്ള കഷ്ടതകളും അതിന് വേണ്ടി തന്റെ സന്തോഷങ്ങൾ വേണ്ടെന്ന് വച്ച് പോരാടിയൊരു പച്ചയായ മനുഷ്യനായി ദുൽഖർ അതിഗംഭീര പ്രകടനം കാഴ്ചവച്ചു. ഒരുപക്ഷേ ദുൽഖറിന്റെ കരിയറിലെ വൺ ഓഫ് ദ ബെസ്റ്റ് ക്യാരക്ടർ എന്ന് തന്നെ 'ആകാശം ലോ ഓക താര'യിലെ കൃഷ്ണയെ വിശേഷിപ്പിക്കാം. ഇമോഷണൽ സീനിൽ എല്ലാം ദുൽഖർ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ചു.
പുതുമുഖം സാത്വിക വീരവല്ലിയാണ് കല്പനയായി വേഷമിട്ടിരിക്കുന്നത്. തന്റെ ആദ്യ സിനിമയാണെന്ന യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ, സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന സ്ത്രീയായി സാത്വിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വരും നാളുകളിൽ സിനിമാ ഇന്റസ്ട്രിയിൽ അവരെ കാണാനും സാധിക്കുമെന്ന് ഉറപ്പാണ്. സരസ്വതി എന്ന കഥാപാത്രമായി സ്വാസികയും രോഹിണിയായി ശ്രുതിഹസനും മാതാപിതാക്കളായി എത്തിയവരും തുടങ്ങി ചെറിയൊരു സീനിൽ വന്നിട്ട് പോകുന്നവർ വരെ അതി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇമോഷണൽ സീനൊക്കെ പ്രേക്ഷകരുടെ ഉള്ളിൽ തൊടുത്ത രീതിയിൽ ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും സമന്വയിപ്പിച്ച് എത്തിയ 'ആകാശം ലോ ഓക താര' മികച്ചൊരു സിനിമാനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാർ, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ