
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോം റെക്കോര്‍ഡ് തുക വാഗ്‍ദാനം ചെയ്തിട്ടും തിയറ്റര്‍ റിലീസ് തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 28നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക.
ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോയുടെയും സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് അടക്കമുള്ള ജോലികള്‍ പൂർത്തിയായതാണ്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ