
കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം യുഎഇയിലെ ഫുജൈറയിൽ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻഖാനാണ് ചിത്രത്തിൽ സുകുമാരക്കുറുപ്പായായി എത്തുന്നത്. ദുബായിൽ വച്ച് നടക്കുന്ന ചിത്രീകരണത്തിനിടെ ആരാധകർ എടുത്ത ദുൽഖറിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.
ചിത്രത്തിൽ എൺപതുകളിലെ സ്റ്റൈൽ ഗെറ്റപ്പിലാണ് ദുൽഖർ എത്തുന്നത്. ബുൾഗാൻ താടിയും നീട്ടി വളർത്തിയ മുടിയും ബെൽബോട്ടം പാന്റസുമിട്ട് കാറിന് പുറത്തിരിക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. യഥാർത്ഥ സുകുമാരക്കുറുപ്പിനെ ഓർമ്മപ്പെടുത്തുംവിധമാണ് ദുൽഖറിന്റെ വേഷവിധാനവും സ്റ്റൈലുമെന്നാണ് ആരാധകർ പറയുന്നത്.
സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ 35 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്‍ററ്റീവ് ചാക്കോയായി ടൊവിനോ തോമസാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഗീതു മോഹൻദാസ് ചിത്രം മൂത്തേനിലൂടെ പരിചിതയായ ശോഭിതാ ധൂലിപാലയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും അരവിന്ദ് കെ എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-നിമിഷ് രവി. സംഗീതം-സുശിന്‍ ശ്യാം. നിര്‍മ്മാണ കമ്പനിയായ വേഫാറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെക്കൻ ഷോയ്ക്ക് ശേഷം ദുൽഖറും ശ്രീനാഥും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തില്‍ ചിത്രീകരിച്ച ആദ്യ ഷെഡ്യൂളിന് ശേഷം അഹമ്മദാബാദിലാണ് കുറുപ്പിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ