തിയറ്ററുകളില്‍ മനംകവര്‍ന്ന 'സീതാ രാമം' ഒടിടി റിലീസിന്, തിയ്യതി പ്രഖ്യാപിച്ചു

By Web TeamFirst Published Sep 6, 2022, 12:18 PM IST
Highlights

ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് 'സീതാ രാമം' ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'സീതാ രാമം' ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവന്നതാണ് പുതിയ വാര്‍ത്ത.

ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീം ചെയ്യുക. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു.  'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

A tale of love and love letters that stands timeless 💌, Sept 9
pic.twitter.com/bRo4fHs26m

— prime video IN (@PrimeVideoIN)

'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‍നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിച്ചത്. 'സീതാ രാമം' ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.

'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ  എത്തിയ ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

click me!