
ദുൽഖറിനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദുൽഖറിന് ആശംസകൾ നേര്‍ന്നുകൊണ്ടാണ് "ആരോ ആരോ" എന്ന ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. "Love Will Spark Again" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.
SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ "ശ്രീ ശ്രീ" ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. അത് ശരിവെക്കുന്ന രീതിയിലാണ് ഇന്ന് പുറത്ത് വന്ന "ആരോ ആരോ" ഗാനവും ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ, പൂജ ഹെഗ്ഡെ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും സൗഹൃദവും യാത്രകളുമാണ് ആണ് ഈ ഗാനത്തിൻ്റെ ഹൈലൈറ്റ് എന്ന് ചിത്രത്തിൻ്റെ ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. ഇവരുടെ ഗംഭീരമായ ഓൺ സ്ക്രീൻ കെമിസ്ട്രിയും മനോഹരമായ ദൃശ്യങ്ങളുമാണ് ഗാനത്തെ ഏറെ ആകർഷണീയമാക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണ് ഗാനത്തിൻ്റെ ആരംഭത്തിലും ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കപിൽ കപിലൻ ആലപിച്ച ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്ത് വന്നിട്ടുണ്ട്. ബൊമ്മ ബൊമ്മ എന്ന വരികളോടെയുള്ള തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസം തന്നെ റിലീസ് ചെയ്തിരുന്നു. അനന്ത് ശ്രീറാം ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്.
ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ നിർമ്മാണ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ എന്നിവയുൾപ്പെടുത്തി വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.
തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയി ചിത്രം 2026 ൽ തന്നെ തീയേറ്ററുകളിലെത്തുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചിപ്പിച്ചിരുന്നു. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വലിയ ഹിറ്റുകളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇത് കൂടാതെ, ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ. രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഇഷാൻ സക്‌സേന, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ