
സുശാന്ത് സിംഗിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സുശാന്ത് അഭിനയരംഗത്ത് വരുന്നത്. ഇപ്പോഴിതാ സുശാന്തിനെ അനുസ്മരിച്ചുകൊണ്ട് ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ഏക്താ കപൂർ.
ടെലിവിഷനിലെ സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ധാരാളം ആളുകൾ തന്നോട് ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഏക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു.
“ധാരാളം ആളുകൾ എന്നോട് സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ചോദിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ആദ്യ രംഗമാണിത്. ‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലെ അദ്ദേഹത്തിന്റെ ആദ്യ രംഗമാണിത്. ആ പരമ്പരയിലെ സെക്കൻഡ് ഹീറോ ആയിരുന്നു അദ്ദേഹം. എന്നാൽ അതിനെക്കാൾ വലിയ കാര്യങ്ങൾ ചെയ്യുകയും ഉയരങ്ങളിൽ എത്തുകയും ചെയ്യുമെന്ന് അന്നേ എനിക്കറിയാമായിരുന്നു. മനോഹരമായ, ഈ പ്രകാശത്തിനും തിളങ്ങുന്ന ആത്മാവിനുമായി ധാരാളം സ്നേഹവും സമാധാനവും പ്രാർത്ഥനകളും,” ഏക്താ കപൂർ കുറിച്ചു.
‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ 2008 ൽ സ്റ്റാർ പ്ലസിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. പ്രീത് എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. ഹർഷദ് ചോപ്ഡയും അദിതി ഗുപ്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ