'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Dec 05, 2022, 10:27 AM IST
'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് 'വിലായത്ത് ബുദ്ധ'.

'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം മറയൂരില്‍ നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്‍ച രാവിലെ ആറരയോടെയാണ്  കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.

റോഡിന്‍റെ നടുവിൽ ആന നിൽക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലിൽ പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്നതായിരുന്നു ഈ സിനിമ. അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന്, സച്ചിയുടെ ശിഷ്യനും 'ലൂസിഫറി'ല്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഉർവ്വശി തിയേറ്റേഴ്‍സിറെ ബാനറിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ മൂവിയായിരിക്കും .

പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക.  സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് തരംഗമായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ 'ഡബിള്‍ മോഹനന്‍' എന്ന കഥാപാത്രമാകുമ്പോള്‍ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു.  ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്‍തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം എം ആർ പ്രൊഫഷണൽ‌. മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

Read More: 'ഇവിടുന്ന് രക്ഷപ്പെടാൻ വേറെ ഏത് ദൈവം വിചാരിച്ചാലാ പറ്റുക'; ത്രില്ലടിപ്പിച്ച് 'ഭാരത സർക്കസ്' ട്രെയിലർ

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ