
പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ 'എന്ന വിലൈ' പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് 'എന്ന വിലൈ' ഒരുക്കിയിരിക്കുന്നത്. അടുത്തിടെ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‌കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന.
ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ