
നളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' എന്ന പുസ്‍തകം വെബ് സിരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നളിനി ജമീല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്നും അവര്‍ പറയുന്നു.
''എന്‍റെ ആണുങ്ങൾ' വെബ് സീരീസ് ആക്കാനുള്ള ചർച്ചകൾ നടക്കുന്നു. അതിനിടെ എന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു", നളിനി ജമീല ഫേസ്ബുക്കില്‍ കുറിച്ചു.
'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെയാണ് നളിനി ജമീല കേരളത്തിന്‍റെ സാംസ്‍കാരിക മണ്ഡലത്തില്‍ ശ്രദ്ധ നേടുന്നത്. എന്‍റെ ആണുങ്ങള്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‍തകം എന്നീ പുസ്‍തകങ്ങളും രചിച്ചു. ആത്മകഥ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. നളിനി ജമീലയുടെ ജീവിതത്തെ ആസ്‍പദമാക്കി സഞ്ജീവ് ശിവന്‍ 'സെക്സ്, ലൈസ് ആന്‍ഡ് എ ബുക്ക്' എന്ന പേരില്‍ ഡോക്യുമെന്‍ററി എടുത്തിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സജീവമായ നളിനി ജമീല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona