ഇന്ന് പൃഥിരാജ്, അന്ന് ദിലീപ്; ഒഴിവാക്കേണ്ടിവന്നത് 'ട്വന്‍റി 20'യിലെ ഡയലോഗ്

Published : Jul 11, 2022, 03:25 PM IST
ഇന്ന് പൃഥിരാജ്, അന്ന് ദിലീപ്; ഒഴിവാക്കേണ്ടിവന്നത് 'ട്വന്‍റി 20'യിലെ ഡയലോഗ്

Synopsis

മഹാത്മാഗാന്ധിയെ അവഹേളിക്കുന്ന തരത്തിലുള്ള ഡയലോഗ് ആണ് ചിത്രം റിലീസ് ചെയ്‍തതിനു ശേഷം ഒഴിവാക്കിയത്

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കടുവ (Kaduva) സിനിമയിലെ ഒരു സംഭാഷണത്തിന്‍റെ പേരില്‍ അതിന്‍റെ അണിയറക്കാര്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്‍ത ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) നായക കഥാപാത്രം ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളുടെയും കുറിച്ച് പറയുന്ന ഡയലോഗ് ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും പ്രസ്‍തുത വിഷയത്തില്‍ നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതിനെ തുടര്‍ന്ന് ഷാജി കൈലാസും പൃഥ്വിരാജും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. മുന്‍പ് മലയാളത്തിലെ മുഴുവന്‍ താരങ്ങളും അണിനിരന്ന ട്വന്‍റി 20 (Twenty 20) സിനിമയിലെ ദിലീപ് കഥാപാത്രത്തിന്‍റെ ഒരു സംഭാഷണവും വിമര്‍ശിക്കപ്പെട്ടിരുന്നു. 

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജി ഉപ്പു തിന്നും വെള്ളം കുടിച്ചും തെണ്ടി നടന്നുമാണെന്നായിരുന്നു ട്വന്‍റി 20യിലെ പരാമര്‍ശം. ഇതിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കുകയായിരുന്നു. പിന്നാലെ വിവാദ രംഗം ചിത്രത്തില്‍ നിന്ന് നീക്കിയെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ദിലീപ് ഖേദപ്രകടനം നടത്താന്‍ ആദ്യം തയ്യാറായില്ല. പിന്നീട് സിനിമയുടെ വിസിഡി പുറത്തിറങ്ങിയപ്പോള്‍ വിവാദ ഡയലോഗ് അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയും മഹാത്മാഗാന്ധി നാഷണൽ ഫൗണേഷൻ പ്രതിഷേധം ഉയര്‍ത്തിയതോടെ ദിലീപും വിഡിസി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കമ്പനിയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്ന് ചെയര്‍മാന്‍ എബി ജെ ജോസ് ഓര്‍ക്കുന്നു. സിനിമയിൽ നിന്നും വെട്ടിമാറ്റിയ ഭാഗം സാങ്കേതിക പിഴവുമൂലം വിസിഡിയില്‍ ഉള്‍പ്പെട്ടതാണെന്നായിരുന്നു അവര്‍ അറിയിച്ചത്. 

 

പിന്നീട് സിനിമയുടെ തിരക്കഥ പുസ്തക രൂപത്തില്‍ വന്നപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. തുടർന്ന് തിരക്കഥാകൃത്ത് സിബി കെ തോമസും പ്രസാധകരായ ഒലീവ് പബ്ളിക്കേഷനും ഖേദം പ്രകടിപ്പിച്ചു പുസ്തകം പിൻവലിക്കുകയായിരുന്നു. എന്നാൽ കുറ്റകരമായ മൗനമാണ് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ അന്ന് പാലിച്ചതെന്ന് എബി ജെ ജോസ് കുറ്റപ്പെടുത്തുന്നു. 

 

കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച സംഭവത്തിൽ സിനിമാക്കാർക്കൊപ്പം സെൻസർ ബോർഡിനെതിരെയും നടപടിയെടുക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെടുന്നു. അധിഷേപ പരാമർശം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം സെൻസർ ബോർഡിനുണ്ടായിരുന്നു. അത് അവർ നിർവ്വഹിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കു ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിൽ നിന്നും അധിക്ഷേപ പരാമർശം ഒഴിവാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ALSO READ : ഭിന്നശേഷിക്കാർക്കെതിരായ കടുവയിലെ പരാമർശം, നിർമാതാക്കൾക്ക് നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം
‌ഷെയ്ൻ നിഗത്തിന്റെ 27-ാം പടം; തമിഴ്- മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്