ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിലാണ് നോട്ടീസ് അയച്ചത്

കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനും നോട്ടീസ് അയച്ചത്. മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ പരാമർശത്തിന്റെ പേരിലാണ് നോട്ടീസയച്ചത്. 

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയിൽ വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോഗിനെ ചൊല്ലിയാണ് വിവാദം. നമ്മൾ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഈ ഡയലോഗിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

സിനിമയ്ക്കെതിരെ നേരത്തെ കുറുവച്ചന്റെ ചെറുമകൻ, ജോസ് നെല്ലുവേലില്‍ രംഗത്തെത്തിയിരുന്നു. ഈ സിനിമ തന്‍റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു തന്‍റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ ചിത്രത്തിലെ നായക കഥാപാത്രം പൂര്‍ണമായും സാങ്കല്‍പ്പിക സൃഷ്‍ടിയാണെന്നായിരുന്നു അവരുടെ അവകാശവാദമെന്നും ജോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജോസ് നെല്ലുവേലില്‍ വിമർശനം ഉന്നയിച്ചത്. 

'പൃഥ്വിരാജ്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു'; കടുവ അണിയറക്കാര്‍ക്കെതിരെ കുറുവച്ചന്‍റെ ചെറുമകന്‍

ഫേസ്ബുക്ക് പോസ്റ്റിലേക്ക്

ഈ സിനിമ തന്‍റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു എന്‍റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടത്. പകരം അദ്ദേഹത്തിന് ലഭിച്ചത് ഇതൊരു കല്‍പ്പിത കഥാപാത്രം മാത്രമാണെന്ന, ഷാജി കൈലാസിന്‍റെയും ചിത്രത്തിലെ വലിയ താരങ്ങളുടെയും പ്രസ്‍താവനകളാണ്. 

എനിക്ക് രോഷമുണ്ട്. സാധാരണക്കാരായ മനുഷ്യരെ ചൂഷണം ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തിന് തങ്ങളുടെ തെറ്റായ ചെയ്‍തികള്‍ക്ക് പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു എന്നതിലും എന്‍റെ മുത്തച്ഛന്‍ ജോസ് കുരുവിനാക്കുന്നേല്‍ അവരുടെ ആദ്യത്തെ ഇരയല്ല എന്നതിലും എനിക്ക് വലിയ ദു:ഖമുണ്ട്. പൃഥ്വിരാജിനോടും അദ്ദേഹത്തിന്‍റെ ടീമിനോടും, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു.