
കാന്താരയുടെ ചിത്രീകരണ സമയത്ത് താൻ മരണത്തെ മുഖാമുഖം കണ്ടുവെന്ന് വെളിപ്പെടുത്തി കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി. ദൈവത്തിന്റെ അനുഗ്രഹമാണ് തന്നെ രക്ഷിച്ചതെന്നും സിനിമയുടെ ഭാഗമായ ഓരോ ആളുകളും കാന്താരയെ അവരുടെ സ്വന്തം സിനിമ പോലെയാണ് കണ്ടതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. അതേസമയം ഇന്നലെയാണ് കാന്താരയുടെ ട്രെയിലർ പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ തന്നെയാണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
"ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, ക്യാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു." ഇന്നലെ നടന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.
മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാന്താരയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ ദൃശ്യമാണ്. ദൃശ്യാവിഷ്കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകമനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.
ഹിന്ദിയിൽ ചിത്രത്തിന്റെ ട്രെയിലർ ഹൃതിക് റോഷനും, തെലുങ്കിൽ ബാഹുബലി പ്രഭാസും, തമിഴിൽ യൂത്ത് ഐക്കൺ ശിവകാർത്തികേയനും, കന്നഡ ഭാഷയിൽ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പുതിയ അപ്ഡേറ്റുകളായി ഞെട്ടിക്കുകയാണ് ഓരോ ദിവസവും ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്.മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം ഒക്ടോബർ 2 ന് തിയേറ്ററിൽ എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ