താരങ്ങളുടെ പേരില്‍ വീണ്ടും വ്യാജന്മാര്‍; ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് ടൊവീനോ, ആസിഫ് അലി

By Web TeamFirst Published Jun 2, 2021, 12:05 PM IST
Highlights

തങ്ങള്‍ക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകള്‍ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലയാളികള്‍ക്കിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ്ബ് ക്ലബ്ബ് ഹൗസില്‍ പല താരങ്ങളുടെയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് തങ്ങളുടെ പേരിലുള്ള വ്യാജന്മാരെ ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് അലിയും ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നു.

തങ്ങള്‍ക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകള്‍ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാന്‍ ടൊവീനോ പറയുമ്പോള്‍ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് നിലവില്‍ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ തീര്‍ച്ഛയായും എല്ലാവരെയും അറിയിക്കുമെന്നും ആസിഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്‍ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്. സാങ്കേതികവിദ്യയിലെ പുതുമകളെ വേഗത്തില്‍ സ്വാംശീകരിക്കുന്ന മലയാളികള്‍ ക്ലബ്ബ് ഹൗസിലെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!