മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന മമ്മൂട്ടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു. 'ഭ്രമയുഗം' എന്ന ചിത്രത്തിന് ഓസ്കർ അക്കാദമിയിൽ ലഭിച്ച അംഗീകാരവും, 'മോളിവുഡ് ലെജൻഡ്' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും ഈ വാക്കുകൾ അന്വർത്ഥമാക്കി.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ മമ്മൂട്ടി. ഈ കാലയളവിനുള്ളിൽ അദ്ദേഹം അവതരിപ്പിച്ച് തീർത്ത കഥാപാത്രങ്ങൾ ഏറെയാണ്. മറ്റൊരു നടനും ചെയ്യാത്ത വേഷങ്ങൾ അടക്കം ചെയ്ത് പ്രേക്ഷകരുടേയും ആരാധകരുടേയും മനസിൽ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പേരിന്ന് ഓസ്കർ വേദിയിലും മുഴങ്ങി കേട്ടുകഴിഞ്ഞു. തതവസരത്തിൽ മമ്മൂട്ടിയുടേ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.
2022ൽ ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പ്രൊമോഷനിടെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണിത്. "നമുക്ക് എല്ലാവർക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവയ്ക്കണം", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഈ വാക്കുകൾ ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി അന്വർത്ഥമാക്കിയെന്ന് കാണിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിരിയിരിക്കുന്നത്. ഓസ്കർ അക്കാദമിയിൽ ‘മോളിവുഡ് ലെജന്റ് മമ്മൂട്ടി’ എന്ന് അവതാരക പറയുന്ന കാര്യങ്ങളും ഭ്രമയുഗത്തിന്റെ രംഗങ്ങളും കോർത്തിണക്കിയുള്ളതാണ് വീഡിയോ.
ഫെബ്രുവരി 12ന് ആയിരുന്നു ഭ്രമയുഗം അക്കാദമിയിൽ പ്രദർശിപ്പിച്ചത്. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിലായിരുന്നു പ്രദർശനം. 2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിതരം ആഗോള തലത്തിൽ 60 കോടിയിലേറെ രൂപ കളക്ട് ചെയ്തിരുന്നു. ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരും അഭിനയിച്ച ചിത്രത്തിന് നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നിവയാണ് പുരസ്കാരങ്ങള്‍.



