
ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രാമായണ. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ബിഗ് ബജറ്റിലും വൻ ക്യാൻവാസിലുമാണ് ഒരുങ്ങുന്നത്. നേരത്തെ പുറത്തുവന്ന ലീക്ക്ഡ് ഫോട്ടോസ് എല്ലാം പ്രേക്ഷകരിൽ വൻ ആവേശം ജനിപ്പിച്ചിരുന്നു. ഇന്നിതാ രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 3.03 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാവണനായി എത്തുന്ന യാഷിനെയും രാമനാകുന്ന രൺബീറിനെയും കാണാനാകും. റിലീസ് ചെയ്ത് നാല് മണിക്കൂർ പിന്നിട്ടപ്പോൾ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നതും.
രാമായണയിൽ യാഷാണ് രാവണനായി വേഷമിടുന്നതെന്ന് അറിഞ്ഞത് മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു. ഫസ്റ്റ് ഗ്ലിംപ്സ് പുറത്തുവന്നപ്പോഴും യാഷിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. റോക്കി ഭായിയുടെ 2000 കോടി പടം എന്നാണ് പലരും കമന്റ് ചെയ്യുന്നത്. 'രൺബീർ ×യഷ് യുദ്ധം അതായത് രാമ രാവണ യുദ്ധം ഒക്കെ നിതീഷ് കൈകാര്യം ചെയുന്നത് വളരെ തന്ത്രപൂർവ്വം. കട്ട വെയ്റ്റിംഗ്. ഇതൊരു ആദിപുരുഷ് ആവില്ല', എന്നാണ് ഒരാളുടെ കമന്റ്.
'കോടിക്കണക്കിന് ഇന്ത്യക്കാർ ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പടം തീർച്ചയായും ചരിത്രം സൃഷ്ടിക്കും, രാവണനായുള്ള യാഷിന്റെ പരകായ പ്രവേശത്തിനായി കാത്തിരിക്കുന്നു', എന്നാണ് മറ്റൊരാളുടെ കമന്റ്. 'യാഷ് ലുക്ക് ചുമ്മാ തീ, ഇത്തവണ രാമന്റെ അല്ല രാവണന്റെ ആരാധകരാകും ഞങ്ങൾ, ഒന്നര വർഷത്തെ കാത്തിരിപ്പ്. രാമായണ ചരിത്രമാകും. ഒപ്പം റോക്കി ഭായിയും', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. 835 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സണ്ണി ഡിയോള്‍, രവി ദുബേ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സീത ആയിട്ടാണ് സായ് പല്ലവി എത്തുക. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനും ചേർന്നാണ് സംഗീത സംവിധാനം. ശ്രീധര്‍ രാഘയാണ് രചന. രാമായണയുടെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രദര്‍ശനത്തിനെത്തും.