ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ്.

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര വര പ്രസാദ് ഗാരു' ബോക്സ് ഓഫീസിൽ നേടുന്നത് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, 7 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുന്നു. 292 കോടിയാണ് ചിത്രം ഇതിനോടകം നേടിയ ആഗോള ഗ്രോസ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.

എട്ടാം ദിനം തന്നെ ചിത്രം 300 കോടി ആഗോള ഗ്രോസ് മറികടക്കും. റിലീസ് ആയി ഏഴാം ദിവസവും ചിത്രം നേടിയത് 31 കോടിയുടെ ആഗോള ഗ്രോസ് കളക്ഷനാണ്. മാത്രമല്ല, സംക്രാന്തികി വസ്തുന്നത്തെ മറികടന്ന് അനിൽ രവിപുടിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും 'മന ശങ്കര വര പ്രസാദ് ഗാരു' മാറി. റിലീസ് ആയിട്ട് ഏഴാം ദിവസം ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ എക്കാലത്തെയും ഉയർന്ന ഷെയർ ലഭിച്ച ചിത്രം കൂടിയാണിപ്പോൾ 'മന ശങ്കര വര പ്രസാദ് ഗാരു'.

ആഗോള തലത്തിൽ തന്നെ വമ്പൻ കലക്ഷനോടെയാണ് ചിത്രം രണ്ടാം വാരത്തിലേക്കും പ്രവേശിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിൽ, ചിരഞ്ജീവിയുടെയും അനിൽ രവിപുടിയുടെയും മുൻകാല ചിത്രങ്ങളുടെ കളക്ഷൻ മറികടന്നു കൊണ്ട് 2.96 M ഡോളറിലധികം ഗ്രോസ് നേടിയ ചിത്രം, ഉടൻ തന്നെ 3 മില്യൺ ഡോളർ എന്ന അപൂർവ നേട്ടത്തിലുമെത്തും. ഇരുവരുടെയും കരിയറിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ വേഗതയോടെ തന്നെ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചാൽ, ചിരഞ്ജീവിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായി ചിത്രം ആഗോള തലത്തിൽ ഉയർന്നു വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസ്സിനൊപ്പം കോമഡിയും ഉപയോഗിച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് കുതിപ്പ് തുടരുന്നത്. ചിരഞ്ജീവിയുടെ താരമൂല്യം, തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകൾ നൽകുന്നതിൽ അനിൽ രവിപുടിയുടെ വിശ്വാസ്യത, കുടുംബ പ്രേക്ഷകരുടെ ശ്കതമായ പിന്തുണ എന്നിവ ഈ ചിത്രത്തെ സംക്രാന്തി വിന്നർ ആയി അവരോധിച്ചു കഴിഞ്ഞു.

കടുത്ത മത്സരം നടക്കുന്ന ഇത്തരം സീസണുകളിൽ പോലും, ചിരഞ്ജീവി പോലെ ഒരാളുടെ താരപ്രഭ ഉപയോഗിച്ച് കൊണ്ട് നന്നായി രൂപകൽപ്പന ചെയ്തതും വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതുമായ ഒരു ഫാമിലി എന്റർടെയ്നറിന് ഇപ്പോഴും ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് 'മന ശങ്കര വര പ്രസാദ് ഗാരു' തെളിയിക്കുന്നു. തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ നയൻ‌താരയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ചിത്രത്തിൽ അതിഥി താരമായും എത്തിയിട്ടുണ്ട്. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ-- ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക