
ഹൈദരാബാദ്: റിലീസ് ചെയ്തതു മുതൽ അല്ലു അർജുന്‍ നായകനായ പുഷ്പ 2 ബോക്സോഫീസില്‍ തരംഗമാണ് ആയിരം കോടിയൊക്കെ പുഷ്പം പോലെ ചിത്രം നേടും എന്നാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ബ്ലോക്ബസ്റ്റര്‍ സിനിമയിൽ നിന്നുള്ള ഒരു അപ്രതീക്ഷിത ട്വിസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത നടനും ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ജ്യേഷ്ഠൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുമായുള്ള സാമ്യത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മീമുകളും ചർച്ചകളും നിറയുന്നത്.
ചിത്രത്തില്‍ ബുഗ്ഗി റെഡ്ഡി എന്ന കഥാപാത്രത്തിനാണ് കുനാലുമായി സാമ്യം. ശരിക്കും തെലുങ്ക് താരം താരക് പൊന്നപ്പയാണ് ഈ വേഷം അവതരിപ്പിക്കുന്നത്. പുഷ്പ 2ല്‍ അവസാന ഭാഗത്ത് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയ്ക്ക് പ്രധാന വെല്ലുവിളിയായി ബുഗ്ഗി ഉയർന്നുവരുന്നുണ്ട്. ചിത്രത്തിന്‍റെ സുപ്രധാന ക്ലൈമാക്‌സ് തന്നെ ഈ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്.
ചിത്രത്തിലെ താരക് പൊന്നപ്പയുടെ പ്രകടനത്തിന് പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചെങ്കിലും, അദ്ദേഹത്തിൻരൂപമാണ് ശ്രദ്ധ നേടിയത്. താരകിന്‍റെ രൂപവും ക്രുണാല്‍ പാണ്ഡ്യയുടെയും അസാധാരണമായ സാമ്യങ്ങൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
നിരവധി മീമുകള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. എന്തായാലും ഇതൊരു ട്രെന്‍റിംഗ് ടോപ്പിക്കായി മാറിയിട്ടുണ്ട്.
ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ് ക്രുണാല്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റിന് രണ്ട് വര്‍ഷം കളിച്ച ശേഷം അടുത്തിടെ നടന്ന ഐപിഎൽ 2025 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു അദ്ദേഹത്തെ 5.75 കോടിക്ക് വാങ്ങിയിട്ടുണ്ട്. അതേ സമയം പുഷ്പ 2 1000 കോടിയിലേക്ക് കുതിക്കുകയാണ് ബോക്സോഫീസില്‍. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഡിസംബര്‍ 5നാണ് റിലീസായത്.
കോടികളിൽ നിന്നും ലക്ഷത്തിലേക്ക് ! കേരളത്തിൽ പുഷ്പ 2ന് അടിപതറുന്നോ ? കണക്കുകൾ പറയുന്നത്